ജി സുകുമാരന്‍ നായര്‍
ജി സുകുമാരന്‍ നായര്‍

'യുഡിഎഫ് തോറ്റത് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തിയതുകൊണ്ട്'; പരസ്യ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

കോൺഗ്രസിന്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ് എൽഡിഎഫ് ഭരണം നേടിയതെന്ന് വിമർശനം
Updated on
2 min read

രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തലയെ മുന്നിൽ നിർത്തിയത് കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കേരള രാഷ്ട്രീയ സാഹചര്യത്തിൽ എൻഎസ്എസ് വഹിക്കുന്ന പങ്ക് മുൻനിർത്തി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയെങ്കിൽ ജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രമേശിനെ പ്രഥമ സ്ഥാനത്ത് നിർത്തിയതിലും പിന്തുണച്ചതിലും എൻഎസ്എസിന് വലിയ പങ്കുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം തന്നെ നായരായി ആരും ബ്രാൻഡ് ചെയ്യേണ്ട എന്ന രമേശിന്റെ പ്രസ്താവനയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച അദ്ദേഹം, കേരളത്തില്‍ ഒരു പ്രതിപക്ഷമുണ്ടോയെന്നും ചോദിച്ചു.

ഇരിക്കാൻ പറയുമ്പോൾ കിടക്കേണ്ട ആവശ്യമില്ലെന്ന സതീശന്റെ ഉപമ, സമുദായത്തെ ഒന്നടങ്കം അവഹേളിച്ചതാണ്, അതിന് വിഡി സതീശനോട് ഒരിക്കലും പൊറുക്കില്ല
ജി സുകുമാരന്‍ നായര്‍

മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ നാല് നായന്മാരുടെ പോരാട്ടമെന്ന് പറഞ്ഞാൽ താൻ അതിനോട് പൂർണമായും യോജിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിനോടുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിൽ അതൃപ്‍തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സാമുദായിക നേതാക്കളോട് വോട്ടിനായി കാലുപിടിക്കാൻ തനിക്കാകില്ലെന്നായിരുന്നു വിഡി സതീശന്റെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് ജയിച്ച ശേഷമാണ് സതീശൻ നിലപാട് അറിയിച്ചത്. എന്നാൽ, ഇരിക്കാൻ പറയുമ്പോൾ കിടക്കേണ്ട ആവശ്യമില്ലെന്ന സതീശന്റെ ഉപമ, സമുദായത്തെ ഒന്നടങ്കം അവഹേളിച്ചതാണെന്നും അതിന് വി ഡി സതീശനോട് ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് വിസമ്മതിച്ചത് വിമോചന സമരം നയിച്ചതുകൊണ്ട്

വിമോചന സമരം മുതൽ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ എൻഎസ്എസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഇന്ന് ഭരണം നയിക്കുന്ന എൽഡിഎഫ്, നായര്‍ സമുദായത്തെ അവഗണിക്കുകയാണ്. മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, മന്നം വിമോചന സമരം നയിച്ചുവെന്നതിനാൽ മാത്രം അവർ അത് അംഗീകരിച്ചില്ല. അതേസമയം, നാരായണ ഗുരു ജയന്തിയും സമാധിയും പൊതു അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ് എൽഡിഎഫ് ഭരണം നേടിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

18 വർഷം ആർഎസ്എസിൽ ഉണ്ടായിരുന്നു. എന്നാൽ, നായന്മാർക്ക് നല്ലത് എൻഎസ്എസ് ആണെന്ന് പിന്നീട് മനസിലായി

"ബിജെപിയ്ക്കും എൽഡിഎഫിനും നായർ സമുദായത്തോടുള്ള സമീപനം ഒരുപോലെയാണ്. 18 വർഷം ആർഎസ്എസിൽ ഉണ്ടായിരുന്നു. എന്നാൽ, നായന്മാർക്ക് നല്ലത് എൻഎസ്എസ് ആണെന്ന് പിന്നീട് മനസിലായി" അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ നായർ സമുദായത്തിൽ നിന്നും കൂടുതൽ ആളുകൾ ഉണ്ടെങ്കിലും അവരെക്കൊണ്ട് സമുദായത്തിന് ഗുണമില്ല. അവകാശങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും അവരെ സമീപിക്കുന്ന നായന്മാർക്ക് ഒരു വിധത്തിലുള്ള സഹായവും ചെയ്യില്ലെന്നും പിന്നെ എങ്ങനെയവരെ നായരെന്ന് വിളിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഗുരുവന്ദനം ചെയ്യാൻ മടിച്ച പിണറായി വിജയൻ, തന്റെ വസതിയിൽ ക്രിസ്മസ് ആഘോഷം നടത്തിയത് രാഷ്ട്രീയ താല്പര്യങ്ങക്ക് വേണ്ടിയാണെന്ന് വ്യക്തമാണെന്നും അതുകൊണ്ട് തന്നെയാണ് താൻ ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം നിരസിച്ചതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in