ലൂസി കളപ്പുര
ലൂസി കളപ്പുര

ഭക്ഷണം നല്‍കുന്നില്ല, സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല; സി.ലൂസി കളപ്പുര സത്യാഗ്രഹത്തിന്

ഭക്ഷണം നിഷേധിക്കുന്നതുള്‍പ്പെടെ മനുഷ്യത്വരഹിതമായ നടപടികളാണ് മഠം അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ലൂസി കളപ്പുര
Updated on
1 min read

സഭാവിരുദ്ധ നിലപാടുകള്‍ ആരോപിച്ച് മഠത്തില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് നിയമപോരാട്ടം നടത്തിയ ലൂസി കളപ്പുരയെ വേട്ടയാടി മഠം അധികൃതര്‍. ഭക്ഷണം നിഷേധിക്കുന്നതുള്‍പ്പെടെ മനുഷ്യത്വരഹിതമായ നടപടികളാണ് മഠം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടപടികളില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ കാരയ്ക്കാമല എഫ്‌സിസി കോണ്‍വെന്റില്‍ സത്യാഗ്രഹം ആരംഭിക്കാനാണ് സിസ്റ്ററുടെ തീരുമാനം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് ഓഗസ്റ്റ് 7ന് സഭയില്‍ നിന്ന് ലൂസി കളപ്പുരയെ പുറത്താക്കിയത്. സഭയുടെ വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, വസ്ത്രധാരണ ചട്ടം ലംഘിച്ചു, അനുമതിയില്ലാത പുസ്തകം പ്രസിദ്ധീകരിച്ചു, എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സഭ അന്ന് ഉന്നയിച്ചത്. ഇതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാനാവാത്തതിനാലാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ സിസ്റ്റര്‍ക്ക് കാരയ്ക്കാമല എഇഇ കോണ്‍വെന്റില്‍ തുടര്‍ന്ന് താമസിക്കാനും, കാലങ്ങളായി സിസ്റ്റര്‍ക്കും സഹകന്യാസ്ത്രീകള്‍ക്കുമായി മഠം അധികൃതര്‍ അനുവദിച്ചിരിക്കുന്ന പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരുപോലെ ഉപയോഗിക്കാനും മാനന്തവാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ മഠം അധികൃതരുടെ ഭാഗത്ത് നിന്ന് കോടതി നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് ഉണ്ടായത്. സിസ്റ്ററെ മഠത്തിനു പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷണം, ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള സൗകര്യം, മഠത്തിലെ ഉപകരണങ്ങള്‍ എന്നിവ പോലും നിഷേധിച്ചെന്നാണ് ലൂസി കളപ്പുര പറയുന്നത്. 4 വര്‍ഷമായി തന്നോട് ആരും സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും തന്നെ കാണാനെത്തുന്ന സന്ദര്‍ശകരെ സന്ദര്‍ശകമുറിയില്‍ പ്രവേശിപ്പിക്കുകയോ കാണാന്‍ അനുവദിക്കുകയോ ചെയ്യാറില്ലെന്നും ലൂസി കളപ്പുര ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ''പട്ടിണി കിടക്കാനാകാത്തത് കൊണ്ട് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങി പ്രത്യേകമായാണ് ഭക്ഷണം പാകം ചെയ്യുന്നത്. അവിടെപ്പോലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.'' സിസ്റ്റര്‍ പറഞ്ഞു. ടിവി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളും നിഷേധിക്കുകയായിരുന്നു എന്നും തനിക്ക് ഇവിടെ ഒരധികാരവും ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് മഠം അധികൃതര്‍ പ്രതികരിക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നീതി നിഷേധിക്കപ്പെട്ടെന്നാണ് സിസ്റ്റർ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in