'ശമ്പളവർധന ചർച്ചയ്ക്കിടെ ഗർഭിണി ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു, ചവിട്ടി'; ആശുപത്രി എംഡിയായ ഡോക്ടർക്കെതിരെ നഴ്സുമാരുടെ പരാതി

'ശമ്പളവർധന ചർച്ചയ്ക്കിടെ ഗർഭിണി ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു, ചവിട്ടി'; ആശുപത്രി എംഡിയായ ഡോക്ടർക്കെതിരെ നഴ്സുമാരുടെ പരാതി

ശമ്പളവർധന ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ തൃശൂർ ലേബർ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ ഡോക്ടർ ആക്രമിച്ചുവെന്നാണ് നഴ്സുമാരുടെ പരാതി
Updated on
1 min read

ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിൽ ചർച്ചയ്ക്കിടെ ലേബർ ഓഫിസിൽ വച്ച് ഡോക്ടര്‍ ആക്രമിച്ചതായി നഴ്‌സുമാർ. ഗര്‍ഭിണി ഉൾപ്പെടെയുള്ള നഴ്സുമാരെ മർദിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

തൃശൂര്‍ കൈപ്പറമ്പ് നൈല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അലോകിനെതിരെയാണ് പരാതി. തൃശൂര്‍ ലേബര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ അംഗീകരിക്കാനാകാതെ ക്ഷുഭിതനായ ഡോക്ടര്‍ കസേരയ്ക്ക് മുകളിലൂടെ ചാടിയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ടുമാസം ഗര്‍ഭിണിയായ നഴ്സിന് വയറില്‍ ചവിട്ടേറ്റതായും ഇവര്‍ പറഞ്ഞു.

പതിനായിരം രൂപയില്‍ താഴെയാണ് ശമ്പളമായി ലഭിച്ചിരുന്നത്

ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയുണ്ടായ ആക്രമണത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫും നഴ്സുമാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റതായാണ് നഴ്‌സുമാർ പറയുന്നത്. പരുക്കേറ്റ ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സ തേടി.

ഏഴ് വര്‍ഷമായി വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്താതെ ആശുപത്രി മാനേജ്മെന്റ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് നഴ്‌സുമാരുടെ ആരോപണം. പതിനായിരം രൂപയില്‍ താഴെയാണ് ശമ്പളമായി ലഭിച്ചിരുന്നത്. ശമ്പളവര്‍ധനയോ പി എഫ്, ഇഎസ്ഐ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇതുസംബന്ധിച്ച് നേരത്തെ തന്നെ തൊഴില്‍ വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നഴ്‌സുമാര്‍ പറയുന്നു.

സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു

ഇന്ന് ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ ഇന്നലെ വൈകീട്ട് ആറ് നഴ്സുമാരെ പുറത്താക്കിക്കൊണ്ട് ആശുപത്രി മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിച്ചതായി നഴ്‌സുമാര്‍ ആരോപിച്ചു. നഴ്‌സസ് യൂണിയനില്‍ ചേര്‍ന്നതും പ്രതികാര നടപടിക്ക് കാരണമായെന്ന് നഴ്സുമാര്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും രജിസ്ട്രേഷന്‍ ആരോഗ്യമന്ത്രി ഇടപെട്ട് റദ്ദാക്കണമെന്നും യുഎന്‍എ ദേശീയ സെക്രട്ടറി എം വി സുദീപ് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.

logo
The Fourth
www.thefourthnews.in