രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനി അമ്മ അന്തരിച്ചു
രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാ പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാര്‍ത്യായനി അമ്മ അന്തരിച്ചു. ഇന്നലെ ഹരിപ്പാട് ചേപ്പാട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 101 വയസായിരുന്നു. 2017-ല്‍ തന്റെ 96-ാം വയസില്‍ നാല്‍പ്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ പരിക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സംസ്ഥാന സര്‍ക്കാര്‍ കാര്‍ത്യായനി അമ്മയെ ആദരിക്കുകയും ചെയ്തിരുന്നു.
ഈ നേട്ടത്തിന് 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കൂകയും ചെയ്തിരുന്നു. പുരസ്‌കാരം വാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ത്യായനി അമ്മയെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയത് വാര്‍ത്തയായിരുന്നു.
നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാര്‍ത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയാറെടുക്കവെ പക്ഷാഘാതം വന്ന് കിടപ്പിലാകുകയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ നാരീശക്തി പുരസ്‌കാര ജേതാവായ കാര്‍ത്യായനി അമ്മയുടെ ഫ്‌ളോട്ടും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
കാര്‍ത്യായനി അമ്മയുടെ നിര്യാണത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ അഭിമാനമാണ് കാര്‍ത്യായനി അമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.