മലയാളികളുടെ ഓണക്കാല യാത്രയ്ക്ക് ചെലവേറും; അന്തര്‍ സംസ്ഥാന ബസുകളില്‍ ഇരട്ടി നിരക്ക്
അയല്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ ഉള്‍പ്പെടെ നാട്ടിലെത്തുന്നത് ഓണക്കാലത്താണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങി മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍വരെ ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തുന്നത് പതിവുകാഴ്ചയാണ്. ഇവരില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്രയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് ബസുകളെയാണ്. അതിനാല്‍, ഓണക്കാലത്ത് അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്ക് വലിയ തിരക്കാണുള്ളത്. അതിനെ മുതലെടുക്കാനുള്ള ശ്രമങ്ങളുമായി സ്വകാര്യ ബസ് ലോബികളും രംഗത്തുണ്ട്. അവധിക്കാലമായതോടെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കുള്ള ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി.
ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് എ സി സ്ലീപ്പറില്‍ 2,800 മുതൽ 3,470 രൂപ വരെയാണ് നിലവിലെ നിരക്ക്
മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എ സി സ്ലീപ്പര്‍ ടിക്കറ്റിന് 2,800 മുതൽ 3,470 രൂപ വരെയാണ് നിലവിലെ നിരക്ക്. നോണ്‍ എസി ടിക്കറ്റുകള്‍ക്ക് പോലും 2,000ല്‍ അധികമാണ് ഈടാക്കുന്നത്. കൊച്ചിയിലേക്കാണെങ്കില്‍ എ സി സ്ലീപ്പര്‍ ടിക്കറ്റിന് 2,600 മുതല്‍ 3,200 രൂപ വരെ നല്‍കണം. നോണ്‍ എ സി ബസുകളെ ആശ്രയിക്കാമെന്ന് കരുതിയാല്‍ പോലും 1500 മുതല്‍ 2200 രൂപവരെ നല്‍കി ടിക്കറ്റ് എടുക്കുക എന്നതാണ് അവസ്ഥ. കോഴിക്കോട്ടേയ്ക്കാണെങ്കില്‍ എ സി സ്ലീപ്പറിന് 1500 മുതല്‍ 2000 രൂപ വരെയും അല്ലാത്തവയ്ക്ക് 1000 മുതല്‍ 1800 രൂപ വരെയും നല്‍കണം. മുന്‍ ആഴ്ചകളിലേതിനേക്കാള്‍ ഇരട്ടിയിലധികമാണ് നിരക്ക്.
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തിലും മാറ്റമൊന്നുമില്ല. കൊച്ചിയിലേക്കുള്ള എ സി സ്ലീപ്പര്‍ ബസില്‍ 2290 മുതല്‍ 3450 വരെയാണ് ടിക്കറ്റ് നിരക്ക്. നോണ്‍ എ സി ബസുകള്‍ 1450 മുതല്‍ 2000 രൂപവരെ ഈടാക്കും. തിരുവനന്തപുരത്തേയ്ക്കും കോഴിക്കോട്ടേയ്ക്കും സമാന രീതിയില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ ആഴ്ചകളിലെ നിരക്കുകളേക്കാള്‍ ഇരട്ടി വാങ്ങിയാണ് എ സി സ്ലീപ്പര്‍, എ സി സെമി സ്ലീപ്പര്‍, നോണ്‍ എ സി ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
വരും ദിവസങ്ങളില്‍, യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് നിരക്ക് ഇനിയുമുയരും. കെഎസ്ആര്‍ടിസിയിലും ട്രെയിനിലും ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഉയർന്ന നിരക്ക് നൽകിയും യാത്ര ചെയ്യാൻ ആളുണ്ടാകുമെന്നതാണ് വർധനയ്ക്കുള്ള പ്രധാന കാരണം. ഓണാവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും പൊള്ളുന്ന നിരക്കാവും സ്വകാര്യബസുകള്‍ ഈടാക്കുക.
നിലവിലുള്ള നിരക്കിന്റെ 10 ശതമാനം കൂടുതല്‍ ഈടാക്കിയാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി ഓണം സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്
കെഎസ്ആര്‍ടിസി സര്‍വീസ്
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അധിക സർവീസുകൾ നടത്തുന്നത്. സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെയാണ് പ്രത്യേക സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഓടുന്ന സർവീസുകൾക്ക്
പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
എന്നാല്‍, ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായി. നിലവിലുള്ള നിരക്കിന്റെ 10 ശതമാനം കൂടുതല്‍ ഈടാക്കിയാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി ഓണം സ്‌പെഷ്യല്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.
മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കര്‍ണാടക ആര്‍ടിസി ഓണത്തോടനുബന്ധിച്ച് ബെംഗളൂരു, മൈസൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക സര്‍വീസുകള്‍ക്ക് സാധാരണ ദിവസങ്ങളിലെ നിരക്ക് മാത്രം ഈടാക്കുന്നതാണ് ചെറിയ ആശ്വാസം.
ഓണത്തിനടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ റിസര്‍വേഷന്‍ 99 ശതമാനവും പൂർത്തിയായി
ട്രെയിന്‍ സര്‍വീസ്
ഓണത്തോട് അടുത്തുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള എല്ലാം ട്രെയിനുകളിലും റിസര്‍വേഷന്‍ 99 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. സ്‌പെഷ്യലായി റെയില്‍വേ അനുവദിച്ചതാകട്ടെ 8 ട്രെയിനുകളും 16 സര്‍വീസും മാത്രമാണ്. ചെന്നൈ, ബംഗളൂരു, മംഗളൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. വേളാങ്കണ്ണി തിരുനാളിന്റെ ഭാഗമായാണ് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
മലയാളികള്‍ ഏറെ താമസിക്കുന്ന മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുക എന്ന ആവശ്യം ഇത്തവണയും റെയില്‍വേ പരിഗണിച്ചിട്ടില്ല.
ഉത്രാടദിനത്തില്‍ വിവിധ വിമാന കമ്പനികളുടെ തിരുവനന്തപുരത്തേക്കുള്ള നിരക്ക് 4500 മുതൽ 6600 രൂപ വരെയാണ്
ആകാശ യാത്രയായാലും പോക്കറ്റ് കീറും
വിമാന സര്‍വീസുകളുടെ കാര്യത്തിലും പകല്‍ കൊള്ളയാണ്. ഉത്രാട ദിനത്തില്‍ പ്രധാന നഗരങ്ങളില്‍ നിന്ന് വിവിധ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത് 4500 മുതൽ 6600 രൂപ വരെയാണ്. കൊച്ചിയിലേക്കാണെങ്കിലും സമാനരീതിയിലാണ് നിരക്ക് വര്‍ധന.
മലയാളിക്ക് ചുരുങ്ങിയ ചിലവില്‍ നാട്ടിലെത്താന്‍ കെഎസ്ആര്‍ടിസി അടക്കം ഉപയോഗപ്പെടുത്തി ബദല്‍ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ നാട്ടിലെത്താന്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ബദല്‍ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ സ്വകാര്യ ലോബിയെ നിയന്ത്രിക്കാനോ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിക്കാനോ ഇതുവരെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.