പിഎഫ്ഐ കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ്: ഒരാള്‍ അറസ്റ്റില്‍
നിരോധിത സംഘടനയായ പിഎഫ്ഐയുടെ രണ്ടാം നിര നേതാക്കളുടെ വീട്ടില്‍ നടത്തിയ എൻഐഎ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ്. ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. ഇന്നലെ റെയ്ഡ് നടന്ന വീടുകളിലെ ചിലരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെയും കൊച്ചിയില്‍ നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെയും കൊച്ചിയില്‍ നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്
ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ ഏഴ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഏഴ് മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ ഇന്നലെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയായിട്ടായിരുന്നു പരിശോധന. സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരളാ പോലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടത്തിയത്.