കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരു മരണം
കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു മരണം. നാവിക സേനാ ആസ്ഥാനത്തെ ഐ എന്‍ എസ് ഗരുഡ റണ്‍വേയില്‍ പരിശീലന പറക്കലിനിടെ എന്‍ 479 ചേതക് ഹെലികോപ്റ്റര്‍ ആണ് അപടത്തിൽപ്പെട്ടത് . പറക്കുന്നതിനായുള്ള സിഗ്‌നല്‍ നല്‍കാന്‍ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്ന എയര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ യോഗേന്ദ്ര യാദവ് ആണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പറക്കുന്നതിന് മുന്നോടിയായുള്ള മാർഷലിങിനിടെയാണ് അപകടമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ ഐ എന്‍ എസ് ഗരുഡയിലെ റണ്‍വേയില്‍ നിന്ന് പറന്നുയരും മുമ്പ് തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം പൈലറ്റ് പുറത്ത് സിഗ്‌നല്‍ നല്‍കാന്‍ നിന്നിരുന്നയാളിന് കൈമാറി. തുടര്‍ന്ന് ഇയാള്‍ അടുത്തേക്ക് എത്തിയതിനിടെ അപ്രതീക്ഷിതമായി ഹെലികോപ്റ്ററിൻ്റെ ഫാന്‍ കറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് അനൗദ്യോഗികമായി വരുന്ന റിപ്പോര്‍ട്ട്.
നാവിക സേനയുടെ കൈവശമുള്ള പഴക്കം ചെന്ന ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തിന് വഴിവെച്ചത്. മുമ്പും ഇതേ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ വൈകാതെ തന്നെ നാവിക സേന ഉന്നതതല അന്വേഷണം പ്രഖ്യാപിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.