എകെജി സെന്റര്‍ ആക്രമണം
എകെജി സെന്റര്‍ ആക്രമണം

എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം; പ്രതിയെ കണ്ടെത്താനാകാതെ പോലീസ്, മൗനം തുടർന്ന് നേതാക്കള്‍

അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലാണ്, പ്രതികളെ പിടിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Updated on
2 min read

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ട് ഇന്ന് ഒരു മാസം തികയുന്നു. ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കാരണമായ സംഭവത്തില്‍, ഒരു മാസം ആകുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലും ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. സ്‌ഫോടകവസ്തു എറിഞ്ഞതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എകെജി സെന്റര്‍ ആക്രമണം
എകെജി സെന്ററിന് നേരെ ബോംബാക്രമണം; ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും

കഴിഞ്ഞമാസം 30ന് രാത്രി 11.25 ഓടെയായിരുന്ന എകെജി സെന്ററിനുനേരെ ആക്രമണമുണ്ടായത്. ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള പാര്‍ട്ടി സംസ്ഥാന സമിതി ഓഫീസിനു നേരെയുണ്ടായ ആക്രമണം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി മൂന്നാം നിലയിലും മറ്റ് നേതാക്കള്‍ എതിര്‍ വശത്തെ ഫ്‌ളാറ്റുകളിലും ഉള്ളപ്പോഴായിരുന്നു ആക്രമണം. ശബ്ദം കേട്ട് നേതാക്കള്‍ സെന്ററിലേക്ക് ഓടിയെത്തി. സംഭവത്തില്‍ പി.കെ ശ്രീമതിയുടേതായിരുന്നു ആദ്യ പ്രതികരണം. ''സാധാരണ മഴക്കാലത്തൊക്കെ ഇടി വെട്ടലുണ്ടാകും പോലെയുള്ള ശബ്ദമൊന്നുമല്ല. അതിഭയങ്കരമായ കെട്ടിടം തകര്‍ന്ന പോലുള്ള ഒരു ശബ്ദം കേട്ടു. അത്യന്തം ഞെട്ടലുണ്ടാക്കുന്ന ഒരു ശബ്ദം തന്നെയായിരുന്നു''എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.

ആക്രമണം നടന്ന് 15 മിനിറ്റിനകം, സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപണം ഉയര്‍ത്തി.''ബോംബെറിഞ്ഞത് കോണ്‍ക്രീറ്റ് തൂണിനായിരുന്നതുകൊണ്ട് വലിയ അനിഷ്ട സംഭവങ്ങളുണ്ടായില്ല. വളരെ ശക്തമായ ഒരു ബോംബാണെന്നാണ് മനസിലാക്കുന്നത്. സ്റ്റീല്‍ ബോംബാണോ എന്നതില്‍ സംശയമുണ്ട്'' എന്നായിരുന്നു രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയ ജയരാജന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയും നേരിട്ടെത്തി. സാധാരണ എകെജി സെന്ററിനകത്തേക്കാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയിരുന്നത്. എന്നാല്‍ ഇക്കുറി, വഴിയില്‍ വാഹനം നിര്‍ത്തി സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി നടന്നെത്തുകയായിരുന്നു. മന്ത്രിമാരും മുതിര്‍ന്ന സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നു. സ്‌ഫോടക വസ്തു വീണ് പൊട്ടിയ കവാടത്തിന്റെ ഭാഗം നേതാക്കളും പോലീസും മുഖ്യമന്ത്രിക്ക് കാട്ടിക്കൊടുത്തു. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതികരണം നിയമസഭയിലായിരുന്നു. ''ഒരു ദിവസം പെട്ടെന്ന് നടത്തിയ ആക്രമണമായിരിക്കില്ല. വലിയ തോതിലുള്ള ആസൂത്രണം അതിന്റെ പിന്നിലുണ്ട്'' -ജൂലൈ നാലിന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് പിണറായി മറുപടി നല്‍കി. നാടെങ്ങും സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി.

എകെജി സെന്റര്‍ ആക്രമണം
എകെജി സെന്റർ ആക്രമണം: പിന്നിൽ ഒന്നിലധികം പേർ; പ്രതിക്ക് സഹായം കിട്ടിയെന്ന് നി​ഗമനം

സംഭവദിവസം രാത്രി തന്നെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍, പ്രതിയിലേക്കുള്ള സൂചനകളൊന്നും ലഭിച്ചില്ല. പ്രഗത്ഭരായ പോലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്‌കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യം മാത്രമായിരുന്നു ലഭ്യമായ ഏക തെളിവ്. സമീപപ്രദേശങ്ങളിലെ ഉള്‍പ്പെടെ നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്നു സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെയും ഒഴിവാക്കിയില്ല. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം പറഞ്ഞതല്ലാതെ, പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും പങ്കുവെക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ടിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് പോലീസ് തലയൂരി.

എകെജി സെന്റര്‍ ആക്രമണം
എകെജി സെന്ററിന് നേരെ ആക്രമണം ; സമാധാനം തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കേസ് അന്വേഷണം വൈകുമ്പോഴും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വലിയ അനിഷ്ടമൊന്നും പ്രകടമായില്ല. പ്രതിപക്ഷവും മാധ്യമങ്ങളും അന്വേഷണ പുരോഗതിക്കായും പാര്‍ട്ടി നേതാക്കളുടെ പ്രതികരണത്തിനുമായി കാതോര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. 'സുകുമാര കുറുപ്പിനെ ഇപ്പോഴും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ' എന്ന വിചിത്രമായ മറുപടിയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനില്‍ പങ്കുവെച്ചത്. അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലാണ്, പ്രതികളെ പിടിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ത്തി. ആക്രമണം നടത്തിയയാളെ പോലീസിന് അറിയാം. എന്നാല്‍ അന്വേഷണ സംഘത്തിന് യഥാര്‍ത്ഥ പ്രതിയിലേക്ക് എത്താന്‍ കഴിയുന്നില്ല. സ്വന്തം പാര്‍ട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടാണെന്നും സതീശന്‍ പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങള്‍ മുറുകുമ്പോഴും, സിപിഎം നേതാക്കള്‍ പ്രതിരോധിക്കാനോ, പ്രതികരിക്കാനോ പോലും തയ്യാറാകുന്നില്ല.

എകെജി സെന്റര്‍ ആക്രമണം
എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി; ഭരണപക്ഷം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷം

സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ ആളെ മാത്രം കണ്ടെത്താന്‍ കേരള പോലീസിന് കഴിഞ്ഞില്ല. ദുരൂഹത തുടരുമ്പോള്‍, ആക്രമണം പ്രതീകാത്മകമായി ചിത്രീകരിച്ച് അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈബ്രാഞ്ച്. ആക്രമണം നടക്കുമ്പോള്‍, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പോലീസുകാരില്‍ അഞ്ചുപേര്‍ എകെജി സെന്ററിന് അടുത്തുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ വിശ്രമത്തിലായിരുന്നു. വലിയ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുമ്പോഴും, സമീപത്തുള്ള പോലീസുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ് വിചിത്രം. ആര്‍ക്കെതിരെയും നടപടിയും എടുത്തിട്ടില്ല. അന്വേഷണം ബോധപൂര്‍വം ആക്ഷേപം ശക്തമാകുമ്പോഴും, സിപിഎം നേതാക്കള്‍ തുടരുന്ന നിശബ്ദത, സര്‍ക്കാരിനെയും പോലീസിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in