മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം; പന്ത്രണ്ടാം സാക്ഷി മൊഴി മാറ്റി
അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചറാണ് കൂറുമാറിയത്. മധുവിനെ കണ്ടിട്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്നും വിചാരണയ്ക്കിടെ വാച്ചര്‍ കോടതിയെ അറിയിച്ചു. കേസില്‍ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് ഇയാള്‍. നേരത്തെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. സാക്ഷികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം.
10 മുതല്‍ 17 വരെയുള്ള സാക്ഷികളുടെ രഹസ്യമൊഴിയാണ് നേരത്തെ രേഖപ്പെടുത്തിയത്. എന്നാല്‍ വിചാരണയ്ക്കിടെ മധുവിനെ അറിയില്ലെന്ന് പറഞ്ഞ വാച്ചര്‍ പോലീസ് നിര്‍ബന്ധപ്രകാരമാണ് രഹസ്യമൊഴി നല്‍കിയതെന്നും കോടതിയെ അറിയിച്ചു. പതിമൂന്നാം സാക്ഷിയായ സുരേഷിനെ അടുത്ത ദിവസം വിസ്തരിക്കും. സുരേഷ് പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.
അഡ്വ. രാജേഷ് എം മേനോനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നു മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു സി. രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചതോടെയാണ് രാജേഷ് എം. മേനോനെ നിയമിച്ചത്.