കത്തിച്ച വാഹനങ്ങള്‍
കത്തിച്ച വാഹനങ്ങള്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
Updated on
1 min read

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കുണ്ടമൻ കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ കേസിൽ കൃഷ്ണകുമാർ അടക്കം നാല് പേർ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. ആശ്രമത്തിന് തീയിട്ട ശേഷം റീത്ത് വാങ്ങി പ്രകാശിന് നൽകിയത് താനാണെന്ന് കൃഷ്ണകുമാർ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് പറഞ്ഞു.

കത്തിച്ച വാഹനങ്ങള്‍
നാലു വര്‍ഷത്തിനു ശേഷം നിര്‍ണായക വഴിത്തിരിവ്: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ നാള്‍വഴികള്‍

ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവർത്തകനും ചേർന്നാണെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി.  കഴിഞ്ഞ ദിവസമാണ് പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ അടക്കം നാല് ആർഎസ്എസ് പ്രവർത്തകരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. കസ്റ്റഡി കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് ആശ്രമം കത്തിച്ച കേസിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ആശ്രമം കത്തിക്കാൻ പ്രതികൾ ബൈക്കിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്.

കത്തിച്ച വാഹനങ്ങള്‍
പ്രശാന്തിന്റെ മൊഴി മാറ്റം: ആര്‍എസ്എസ്-ബിജെപി ഭീഷണിയെത്തുടര്‍ന്നെന്ന് സന്ദീപാനന്ദഗിരി

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ്  തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥാപിച്ചാണ് അക്രമികള്‍ മടങ്ങിയത്. സിപിഎം- സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന മതാചാര്യനാണ് സന്ദീപാനന്ദഗിരി എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം ബിജെപി-വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് അദ്ദേഹം വ്യാപക ആക്രമണം നേരിട്ടിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപക പ്രചരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ചത്. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാല് വര്‍ഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സര്‍ക്കാരിനും പോലീസിനും തലവേദനയായിരുന്നു.

സംഭവ ദിവസം ആശ്രമത്തിലെ സിസിടിവി കേടായിരുന്നതും പോലീസിന് തിരിച്ചടിയായി. ആശ്രമത്തിന്റെ പരിധിയിലെ മുഴുവന്‍ സിസിടിവികള്‍ അരിച്ചുപെറുക്കിയിട്ടും നിര്‍ണായകമായ യാതൊരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതോടെ സ്വാമി തന്നെയാണ് ആശ്രമത്തിന് തീയിട്ടതെന്ന് ആക്ഷേപമുന്നയിച്ച് പലരും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in