'വാർത്തകളേക്കാൾ സെന്‍സേഷനില്‍ താത്പര്യം';
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍  ആത്മപരിശോധന നടത്തണം;   വിമര്‍ശനവുമായി ഹൈക്കോടതി

'വാർത്തകളേക്കാൾ സെന്‍സേഷനില്‍ താത്പര്യം'; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം; വിമര്‍ശനവുമായി ഹൈക്കോടതി

ഓണ്‍ ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമർശം
Updated on
1 min read

സെൻസേഷനു വേണ്ടി അപകീർത്തികരമായ വാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി ജി അരുണാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഇതിന് അവകാശമില്ല. ഇത് തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു

സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ സെന്‍സേഷനിലാണ് താത്പര്യം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ വിശ്വസിക്കും. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

രാഷ്ട്രപിതാവ് തന്നെ “ഫോർത്ത് എസ്റ്റേറ്റ് '' എന്നാണ് മാധ്യമങ്ങളെ വിഷേഷിപ്പിച്ചത്. അത് തീർച്ചയായും അധികാരമാണ്. പക്ഷേ , അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ഉത്തരവിൽ വ്യക്താക്കി.

logo
The Fourth
www.thefourthnews.in