ജനക്കൂട്ടത്തെ വെടിഞ്ഞ് നിത്യതയില്‍; ഉമ്മന്‍ ചാണ്ടി ഇനി ദീപ്തസ്മരണ
അജയ് മധു

ജനക്കൂട്ടത്തെ വെടിഞ്ഞ് നിത്യതയില്‍; ഉമ്മന്‍ ചാണ്ടി ഇനി ദീപ്തസ്മരണ

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ അന്തിയുറക്കം
Updated on
2 min read

ഈറനണിഞ്ഞ മിഴികൾ സാക്ഷി, പറഞ്ഞുതീരാത്ത നന്ദി വാചകങ്ങൾ ബാക്കി... പ്രിയപ്പെട്ടവരുടെ സ്നേഹലിംഗനങ്ങളും അന്ത്യചുംബനങ്ങളുമേറ്റവാങ്ങി ജനനായകന് വിട. ജനങ്ങള്‍ക്ക് വേണ്ടി എന്നും ഉണര്‍ന്നിരുന്ന നേതാവ്, തന്റെ പ്രിയജനത്തെ സാക്ഷിയാക്കി നിത്യതയിൽ വിശ്രമം കൊണ്ടു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഇനി പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ അന്തിയുറക്കം.

അന്ത്യചുംബനം നൽകുന്ന ഭാര്യയും മകനും
അന്ത്യചുംബനം നൽകുന്ന ഭാര്യയും മകനുംഅജയ് മധു

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഔദ്യോഗിക ബഹുമതി ഒഴിവാക്കിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന് വേണ്ടി അഞ്ച് മന്ത്രിമാർ പുഷ്പചക്രം സമർപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണം കേരളത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു.

സംസ്കാര ചടങ്ങിൽ നിന്ന്
സംസ്കാര ചടങ്ങിൽ നിന്ന്അജയ് മധു

ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര 24 മണിക്കൂറിലധികം പിന്നിട്ടാണ് കോട്ടയം ജില്ലയിലെത്തിയത്. ഒരു ദിവസം പിന്നിട്ട വിലാപയാത്രയില്‍ പതിനായിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ പങ്കാളികളായി.

രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോൾ
രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോൾ

മഴയെന്നോ വെയിലെന്നോ കൂസാതെ വഴിയോരങ്ങളിലും തിരുനിക്കര മൈതാനിയിലും വീട്ടിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച ഇടങ്ങളിലെല്ലാം ജനക്കൂട്ടം ഒഴുകിയെത്തി. അണമുറിയാത്ത ജനസാഗരത്തിനിടയിലൂടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം അന്ത്യയാത്രയ്ക്കായി പള്ളിയിലെത്തിയത്. രാത്രി ഒന്‍പത് മണി പിന്നിട്ടാണ് അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയിലെത്തിച്ചത്. പള്ളിയിലും പുതുപ്പള്ളി തറവാട് വീട്ടിലും പിന്നിട്ട വഴികളിലും ഉണ്ടായ തിരക്ക് മൂലം മുന്‍കൂട്ടി നിശ്ചയിച്ച സമയമൊന്നും പാലിക്കാനായില്ല.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു തിരുനക്കരയിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്ക് യാത്ര തിരിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി തനിക്ക് ചുറ്റുമുള്ളവർക്ക് എന്തായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു മരണശേഷം അദ്ദേഹത്തെ ഒരുനോക്കുകാണാൻ കാത്തിരുന്നവരുടെ വേദന. ചിലര്‍ പൊട്ടിക്കരഞ്ഞു, മറ്റു ചിലർ വേദനയടക്കിപ്പിടിച്ചു, സഹപ്രവർത്തകൾ ഒർമ്മകളിൽ വിങ്ങി. തടിച്ചു കൂടിയ ജനക്കൂട്ടത്തിന് രാഷ്ട്രീയഭേദമുണ്ടായിരുന്നില്ല. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലായിരുന്നു വിലാപയാത്ര. കോണ്‍ഗ്രസ് നേതാക്കളും കുടുംബവും ബസിലുണ്ടായിരുന്നു.

നേതാക്കൾ സംസ്കാരച്ചടങ്ങിനിടെ
നേതാക്കൾ സംസ്കാരച്ചടങ്ങിനിടെഅജയ് മധു

പുതുപ്പള്ളിയില്‍ നിന്ന് 27ാം വയസില്‍ ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻചാണ്ടി, പിന്നീട് നാടിന്റെ സ്വന്തം കുഞ്ഞൂഞ്ഞായി. 53 വർഷം പുതുപ്പള്ളി ഹൃദയംകൊണ്ട് തിരഞ്ഞെടുത്ത നേതാവ്, ഒടുവിൽ പുതുപ്പള്ളിയുടെ ഹൃദയത്തിൽ ഉറങ്ങുകയാണ്... ജനനായകന് ഹൃദയാഭിവാദ്യം.

logo
The Fourth
www.thefourthnews.in