വിലാപയാത്ര കൊട്ടാരക്കരയെത്തിയപ്പോൾ
വിലാപയാത്ര കൊട്ടാരക്കരയെത്തിയപ്പോൾ ചിത്രം: അജയ് മധു

പ്രിയനേതാവിനെ യാത്രയാക്കാന്‍ ജനസാഗരം; വിലാപയാത്ര അടൂർ പിന്നിട്ടു

രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്
Updated on
6 min read

വിലാപ വീഥിയായി എംസി റോഡ്

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അടൂർ പിന്നിട്ടിരിക്കുകയാണ്. രാത്രി ഏറെ വൈകിയിട്ടും പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് കാത്തു നിൽക്കുന്നത്. പതിനാറ് മണിക്കൂറിൽ 89 കിലോമീറ്റർ പിന്നിട്ട യാത്ര നാളെ പുലർച്ചയോടെ കോട്ടയം തിരുനക്കര മൈതാനത്തെത്തും. അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. തുടർന്ന് വൈകിട്ടോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം.

കോട്ടയത്ത് നാളെ കടകൾ അടച്ചിടും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയത്ത് നാളെ കടകൾ അടച്ചിടും. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള കടകൾ അടച്ചിടാൻ മെർച്ചന്റ്സ് അസോസിയേഷൻ തീരുമാനം.

വിലാപയാത്ര അടൂരിൽ

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അടൂരിൽ. നേരം വൈകിയും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പതിനഞ്ച് മണിക്കൂർ പിന്നിട്ട യാത്ര ഇനി തിരുനക്കര മൈതാനത്തേക്കെത്താൻ 60 കിലോമീറ്റർ ബാക്കി.

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ (20-07-2023) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി.

വിലാപയാത്ര കൊട്ടാരക്കരയിൽ

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയെത്തി. രാവിലെ 7.20ഓടെ ആരംഭിച്ച വിലാപയാത്ര 12 മണിക്കൂർ കൊണ്ട് പിന്നിട്ടത് 72 കിലോമീറ്റർ. പ്രിയ നേതാവിനെ കാണാൻ കനത്ത മഴയിലും വൻ ജനക്കൂട്ടമാണുള്ളത്. കോട്ടയം തിരുനക്കര മൈതാനത്തേക്ക് ഇനി 79 കിലോമീറ്ററാണ് ദൂരം.

വിലാപയാത്ര കൊട്ടാരക്കരയെത്തിയപ്പോൾ
വിലാപയാത്ര കൊട്ടാരക്കരയെത്തിയപ്പോൾ ചിത്രം: അജയ് മധു

കുഞ്ഞൂഞ്ഞിന് അവസാന സ്വീകരണമൊരുക്കാന്‍ പുതുപ്പള്ളി

രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ നിന്നും പുറപ്പെട്ട വിലാപയാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലെ ചടയമംഗലത്തേക്ക് എത്തുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതല്‍ പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ റോഡുകളില്‍ കാത്ത് നിന്നത്. കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല. ആളുകളെ നിയന്ത്രിക്കാന്‍ 2000 പോലീസുകാരെയാണ് കോട്ടയത്ത് നിയോഗിക്കുന്നത്. നാളെ ഉച്ച കഴിഞ്ഞ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

വിലാപയാത്ര കൊല്ലത്തെത്തി, മടക്കയാത്രയും ജനങ്ങളിലലിഞ്ഞ് 

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്തെത്തി. നിലമേലില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആള്‍ക്കാരാണ് തടിച്ചു കൂടിയത്. എട്ട് മണിക്കൂര്‍ എടുത്താണ് വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടത്.

ഔദ്യോഗിക ബഹുമതിയില്ലാതെ സംസ്‌കാരം

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയില്ലാതെയായിരിക്കും നടത്തുക. മന്ത്രിസഭായോഗം തീരുമാനമെടുത്തെങ്കിലും വേണ്ടെന്ന തീരുമാനത്തിലാണ് കുടുംബം. ഔദ്യോഗിക ബഹുമതിയില്ലാത്ത സംസ്‌കാരമായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം. ജർമനിയില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ ഭാര്യ മറിയാമ്മ ഉമ്മനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ആവശ്യം കത്തായി സര്‍ക്കാരിന് നല്‍കിയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് കുടുംബത്തിന്റെ അഭിപ്രായം തേടിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചതിനാൽ ഇത് അംഗീകരിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഞാന്‍ പോയാല്‍ പകരം ആള്‍ വരും, ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് വി ഡി സതീശന്‍

എനിക്കൊക്കെ പകരം വയ്ക്കാന്‍ ആളുകള്‍ വരുമെന്നും ഉമ്മന്‍ ചാണ്ടിക്ക് പകരം വെക്കാന്‍ ആളില്ലെന്നും വി ഡി സതീശന്‍. തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയില്‍ പ്രിയ നേതാവിനെ അനുഗമിക്കുകയാണ് വി ഡി സതീശന്‍.

സംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും 

നാളെ കോട്ടയത്ത് വച്ച് നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.

സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടി 

അനേകായിരങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയയാളാണ് ഉമ്മൻ ചാണ്ടി. എന്നാൽ പുതുപ്പള്ളിയിൽ അന്തിയുറങ്ങാൻ അദ്ദേഹത്തിന് ഒരു വീടില്ലായിരുന്നു. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്ത് പുതുപ്പള്ളി ഹൗസിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും പണി തീരും മുമ്പേ ജനനായകൻ യാത്രയായി

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

1 ERMALLOOR CHIRA GROUND

2 PADI FIELD GROUND (VEIKKETTU CHIRA)

3 GEORGIAN PUBLIC SCHOOL GROUND

4 GOVT HSS SCHOOL GROUND PUTHUPPALLY

5 DON BOSCO SCHOOL GROUND

6 NILACKAL CHURCH GROUND

1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ERMALLOOR CHIRA GROUND / PADI FIELD GROUND (VEIKKETTU CHIRA) / GEORGIAN PUBLIC SCHOOL GROUND എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

2 വടക്ക് (കോട്ടയം/ മണർകാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ GOVT HSS SCHOOL GROUND PUTHUPPALLY/ DON BOSCO SCHOOL GROUND എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

3 കറുകച്ചാൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ NILACKAL CHURCH GROUND എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

സംസ്‌കാരം നാളെ, കോട്ടയത്ത് ഇന്നും നാളെയും ഗതാഗതക്രമീകരണം 

1. തെങ്ങണയിൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയിൽ നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.

3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

ajaymadhu

സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാർ

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ളവിലാപയാത്ര രാത്രിയോടെ പുതുപ്പള്ളിയില്‍ എത്തുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. നാളെയാണ് സംസ്‌കാരച്ചടങ്ങുകള്‍. കോട്ടയത്ത് സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാരെ വിന്യസിക്കും.

നാഥനില്ലാതെ ഓഫീസ് മുറി

പുതുപ്പള്ളി വീട്ടിലെ ഓഫീസ് മുറി ഇന്നും പതിവ് പോലെ തുറന്നു കിടന്നു. ഉമ്മന്‍ ചാണ്ടിയില്ലാതെ. രാവിലെയെത്തുന്ന പത്രങ്ങളും കടലാസുകളും ആ മേശപ്പുറത്തുണ്ട്. പക്ഷെ, ആ കസേര അനാഥമാണ്. നാഥനില്ലാതെ...

വിലാപയാത്ര തിരുനക്കരയിൽ എത്താൻ വൈകും 

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനത്തില്‍ എത്താന്‍ വൈകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഞ്ച് മണിയോടെ മൃതദേഹം തിരുനക്കരയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 8 മുതല്‍ 9 മണി വരെ സമയം നീളാന്‍ സാധ്യതയുണ്ടെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കിയത്. മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം തിരുനക്കരയില്‍ ഉണ്ടാക്കുമെന്നും തിരുവഞ്ചൂര്‍.

ajaymadhu

ആൾക്കൂട്ടം തനിയെ...നായകനെ കാത്ത് പുതുപ്പള്ളി 

തിരുനക്കരില്‍ ജനപ്രിയ നേതാവിനെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതുപ്പള്ളിയുടെ പ്രിയ കുഞ്ഞൂഞ്ഞിന്റെ വിയോഗത്തില്‍ വിതുമ്പുകയാണ് പുതുപ്പള്ളി. എന്ത് ആവശ്യങ്ങള്‍ക്കും ഏത് നേരത്തും ഓടിയെത്തിയ ജനനായകനെ അവസാനമായി കാണാന്‍ തിരുനക്കരയിലും ജനങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞു.

ajaymadhu

രാജ്യം കണ്ട മികച്ച രാഷ്ട്രീയ നേതാവിന്റെ നഷ്ടമെന്ന് നടൻ ജഗദീഷ് 

ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് നടന്‍ ജഗദീഷ്. ഇന്ത്യയിലെ തലയെടുപ്പുള്ള പത്ത് നേതാക്കളില്‍ ഒരാളാകും അദ്ദേഹം. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ ഞാന്‍ എന്റെ റോള്‍ മോഡലായാണ് കാണുന്നത്. എല്ലാ രീതിയിലും അദ്ദേഹം ഒരു കൊടുമുടിയാണെന്നും ജഗദീഷ്.

ജനത്തിരക്കിൽ കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര 

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം നാലാഞ്ചിറയില്‍. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ഏഴരയോടെ പുറപ്പെട്ടെങ്കിലും ജനത്തിരക്ക് കാരണം തിരുവനന്തപുരം നഗരം വിട്ടിട്ടില്ല. നൂറുകണക്കിന് ആള്‍ക്കാരാണ് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്.

ajaymadhu

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി

കോട്ടയം ജില്ലയിൽ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കും. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

നേതാവിനെ ഒരുനോക്ക് കാണാന്‍

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം നഗരം പിന്നിടുന്നു. ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ നിന്നും രാവിലെ ഏഴരയോടെ ആരംഭിച്ച വിലാപയാത്ര 9 മണിയോടെ നഗരാതിര്‍ത്തിയായ കേശവദാസപുരത്ത് എത്തി. വഴി നീളെ വലിയ ജനക്കൂട്ടമാണ് മുന്‍ മുഖ്യമന്ത്രിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്.

മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയും, പുഷ്പങ്ങളര്‍പ്പിച്ചും നിരവധി പേര്‍ പാതയോരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കണ്ണേ... കരളേ... ഉമ്മന്‍ ചാണ്ടി....

കര്‍മ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള അവസാനയാത്രയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വികാരപരമായ യാത്രയയപ്പ്. തിരുവനന്തപുരം നഗരത്തില്‍ ആയിരക്കണക്കിന് പേരാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

വിലാപയാത്ര പുതുപ്പള്ളിയിലേക്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിട നല്‍കി തലസ്ഥാനം. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20 ഓടെ പുതുപ്പള്ളിയിലേക്ക് തിരിച്ചു. കെഎസ്ആര്‍ടിയുടെ പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. കുടുംബാംഗങ്ങളും, കോണ്‍ഗ്രസ് നേതാക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയ്ക്ക് ദ ഫോർത്തിന്റെ അന്ത്യോപചാരം

ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ ദ ഫോർത്ത് എംഡി & സിഇഒ റിക്സൺ ഉമ്മൻ വർഗീസ് അന്ത്യോപചാരം അർപ്പിക്കുന്നു. ദ ഫോർത്ത് ന്യൂസ് ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ ജിമ്മി ജെയിംസ്, ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ എന്നിവർ സമീപം

ajaymadhu
ajaymadhu

നിയമസഭാ സമാജികനായും, മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അഞ്ച് പതിറ്റാണ്ട്, ഇന്നലെ പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാനം ഇന്ന് വിടനല്‍കും. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴ് മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.

ബംഗളുരുവില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു. തികച്ചും വൈകാരികമായ നിമിഷങ്ങള്‍ക്കാണ് പുതുപ്പള്ളി ഹൗസ് സാക്ഷിയായത്. മൃതദേഹത്തിനരികെ എകെ ആന്റണിയും പ്രവര്‍ത്തകരും പൊട്ടിക്കരഞ്ഞു. നൂറുകണക്കിന് ആള്‍ക്കാരാണ് വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ചത്. പൊതുദര്‍ശന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ആന്റണി രാജു എന്നിവര്‍ ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

വിലാപയാത്ര കൊട്ടാരക്കരയെത്തിയപ്പോൾ
ആള്‍ക്കൂട്ടത്തിനിടയിലേക്ക് അവസാനമായി...

വിലാപാത്ര കടന്നു പോകുന്നതിനെത്തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെവി വാഹനങ്ങള്‍ നാഷണല്‍ ഹൈവേ വഴി കടത്തിവിടും. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി

ദര്‍ബാര്‍ ഹാളില്‍ നിന്ന് രാത്രി 9:30 ഓടെയാണ് തിരുവനന്തപുരം സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിച്ചത്. പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി 10:30 ഓടെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിച്ചു. വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികളോടെയാണ് പ്രിയനേതാവിനെ അവസാനമായി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ചത്.

പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. രണ്ടു മണിക്കൂറോളം നേരം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു ശേഷം അര്‍ധരാത്രി പിന്നിട്ടതോടെ മൃതദേഹം വീണ്ടും ജഗതിയിലെ 'പുതുപ്പള്ളി ഹൗസിലേക്ക്' കൊണ്ടുപോയി.

logo
The Fourth
www.thefourthnews.in