ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയെ എത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം തുടർ ചികിത്സകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അർബുദ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയ ബാധ.
ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും യുഡിഎഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെ കണ്ടിരുന്നു. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സന്ദർശനത്തിന് ശേഷം എം എം ഹസൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.
ഭാര്യയും മൂത്ത മകളും മകൻ ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്
ഉമ്മൻചാണ്ടിയുടെ ഭാര്യയും മൂത്ത മകളും മകൻ ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രാർഥനാ സംഘത്തിന്റെ ഇടപെടലുണ്ടെന്ന സംശയവും സഹോദരൻ പ്രകടിപ്പിച്ചു. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചും ചികിത്സ നിഷേധിച്ചെന്നും അലക്സ് വി ചാണ്ടി പറയുന്നു. രോഗം കണ്ടുപിടിച്ചിട്ടും മൂന്ന് വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.
ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ശരിയല്ലെന്ന നിലപാടിലാണ് മക്കൾ
ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ശരിയല്ലെന്ന നിലപാടിലാണ് മക്കൾ. അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ ഒഴിഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ശരിയായ ചികിത്സാസൗകര്യങ്ങളാണ് കുടുംബവും പാർട്ടിയുമൊരുക്കുന്നതെന്ന് ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു.