'ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മകനും, പ്രാർഥനാ സംഘത്തിന്റെ ഇടപെടലെന്ന് സംശയം'; പരാതിയുമായി സഹോദരൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. സർക്കാർ ഇടപെട്ട് വിദഗ്ധ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് അലക്സ് വി ചാണ്ടിയുടെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിർണയം നടന്നതല്ലാതെ, രോഗത്തിനുള്ള ചികിത്സ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മൂത്ത മകളും ഭാര്യയുമാണ് ചികിത്സ നിഷേധിക്കുന്നതെന്ന് അലക്സ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നില്‍ പ്രാർഥനാ സംഘത്തിന്റെ ഇടപെടലുണ്ടെന്നും അലക്സ് സംശയം പ്രകടിപ്പിച്ചു. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചും ചികിത്സ നിഷേധിച്ചെന്നും അലക്സ് വി ചാണ്ടി ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ടും മൂന്ന് വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നതെന്നും ആരോപണമുണ്ട്.
ജർമനിയിൽ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ തുടർ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം, ജനുവരി മാസം ആദ്യമാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. എന്നാൽ, അതിനു ശേഷം ബെംഗളൂരുവിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരു സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് അപമാനകരമാണ്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്‌ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ലഭ്യമാക്കണമെന്നും സഹോദരൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിക്ക് മാത്രമല്ല, സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.
അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമില്ലെന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാര്‍ട്ടിയും നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുടുംബവും പാര്‍ട്ടിയും യാതൊരുവിധ വീഴ്ചയുമില്ലാത്ത വിദഗ്ധ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചെന്നും, താന്‍ അതില്‍ പൂര്‍ണ സംതൃപ്തനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പ്രതികരിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയേണ്ടതെല്ലാം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം വളരെ പ്രസന്നനാണെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം ഹസ്സന്‍.