'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്
Updated on
3 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ മേഖലയില്‍ പൊട്ടിത്തെറികള്‍ തുടരുമ്പോള്‍ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ചലച്ചിത്ര അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നതിന്റെ തെളിവാണ് രഞ്ജിത്തിന്റെ രാജിയില്‍ കലാശിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. രഞ്ജിത്തിന് എതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു. ആരോപണ വിധേയരായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം
'മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവെയ്ക്കണം. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം
സിനിമയില്‍ നടക്കുന്നത് അധികാര ചൂഷണം, രഞ്ജിത്തിന്റെ രാജിയില്‍ ദുഃഖവും സന്തോഷവുമില്ല: ശ്രീലേഖ മിത്ര

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സിനിമ മേഖലയില്‍ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം റിപ്പോര്‍ട്ട് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച ഉണ്ടായി. റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത് മുതല്‍ സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളത്. ഈ പ്രശ്‌നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവണ്‍മെന്റാണ്. ഗവണ്‍മെന്റ് ഇക്കാര്യത്തിലിടപ്പെടാതെ ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി റിപോര്‍ട്ട് പൂഴ്ത്തിവച്ചു. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും.

റിപ്പോര്‍ട്ടിന്റെ മുഴുവന്‍ ഭാഗങ്ങളും പുറഞ്ഞുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങള്‍ പൂഴ്ത്തിവച്ചു. ഈ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമായിരുന്നു. ഇവിടെ എല്ലാവരും സംശയത്തിന്റെ നിഴലിലായിരിക്കുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും തെറ്റുകാരാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. ചിലയാളുകള്‍ കണ്ടേക്കാം. പക്ഷേ പൊതുവായി നോക്കുമ്പോള്‍ ഇന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്റെ നിഴലില്‍ വന്നിരിക്കുന്ന അവസ്ഥ കേരളത്തിനു ഗുണകരമല്ല. സിനിമാ മേഖലയ്ക്ക് ഗുണകരമല്ല. ദേശീയ തലത്തില്‍ റിക്കാര്‍ഡുകള്‍ സ്ഥാപിച്ച മലയാള സിനിമക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കേരളീയര്‍ക്കുതന്നെ അപമാനമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഇനിയെങ്കിലം ശക്തമായ നടപടികളിലുടെ സിനിമാ രംഗത്തിന്റെ അന്തസും പരിശുദ്ധിയും നിലനിര്‍ത്തണം. ഈ സംഭവ വികാസങ്ങളില്‍ നമ്മുടെ സാംസ്‌കാരിക മന്ത്രിക്ക് യാതെരു നിയന്ത്രണവുമില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം രാവിലെ ഒന്ന് പറയുന്നു ഉച്ചക്ക് മറ്റൊന്ന് പറയുന്നു വൈകിട്ട് എല്ലാം മാറ്റി പറയുന്നു. മന്ത്രിമാര്‍ തമ്മില്‍ പരസ്പര വിരുദ്ധമായി പറയുന്നു. ഇതൊന്നും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് . ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ചയുണ്ടായി. ഇനിയെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം
വിവാദങ്ങൾക്കൊടുവിൽ രാജി; ലൈംഗികാരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയൊഴിഞ്ഞ് രഞ്ജിത്ത്

അതേസമയം, സര്‍ക്കാര്‍ നീക്കങ്ങളെ ന്യായീകരിച്ചും നടപടികള്‍ കൃത്യമായിരുന്നു എന്നും ചൂണ്ടിക്കാട്ടി ഇടതു നേതാക്കളും മന്ത്രിമാരും രംഗത്തെത്തി. 'സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല എന്നായിരുന്നു രാജി വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചു. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍, ഇടതുപക്ഷ നീതിബോധത്തിന്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിന്റെ സാംസ്‌കാരികൗന്നത്യത്തിന്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയില്‍ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിര്‍ബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി യുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഇന്ത്യന്‍ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരളസര്‍ക്കാരാണ്. അതിന്റെ ശുപാര്‍ശകള്‍ കാലവിളംബം കൂടാതെ നടപ്പിലാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

'രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് കരുതരുത്'; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്, ഇടതുപക്ഷത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം
ക്രോസ്ബാറിനു കീഴിലെ മെയ്‌വഴക്കം പോരാതെ വരും; ചൗബെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുള്‍പ്പെടെ സിനിമ മേഖലയില്‍ തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത് സ്വീകരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ടു പോകും. പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in