കിഫ്ബിക്കെതിരായ ഇ ഡി നടപടി; സര്‍ക്കാരിന് പ്രതിപക്ഷ പിന്തുണ, തോമസ് ഐസക് ഇന്ന് ഹാജരാകില്ല
കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നടപടികളിൽ കുഴയുന്ന സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ. കേസിലെ ഇ ഡി നടപടികളെ പ്രതിപക്ഷം തള്ളി. ചോദ്യം ചെയ്യലിന് ഹാജരാകാൻ തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കാൻ ഇ ഡിക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഇ ഡിയുടെ അധികാര പരിധിയിൽ വരുന്നതല്ല കിഫ്ബിയെന്നും വി ഡി സതീശൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശം പൗരാവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. എന്ത് കുറ്റമാണ് ചെയ്തതെന്ന് പറയാതെയാണ് ഇ ഡി അന്വേഷണം. സമൻസ് പിൻവലിക്കാൻ ഇ ഡി തയ്യാറാകണം. ഫെമ നിയമലംഘനമാണ് തനിക്കെതിരായ ആരോപണമെങ്കിൽ ആദ്യം നടപടി എടുക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മാത്രമാണ് ഇ ഡിക്ക് സവിശേഷാധികാരമുള്ളതെന്നും ഫെമ കേസുകളിൽ അതില്ലെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഇ ഡി നടപടികൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഐസക് വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഐസക്കിന് നിർദേശം നൽകിയിരുന്നത്. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടീസയച്ചിട്ടും തോമസ് ഐസക് ഹാജരാകാതെയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നല്‍കിയതെന്ന ചോദ്യമുയര്‍ത്തി ഐസക് ഇ ഡിക്ക് കത്തയച്ചു.
ഇന്നലെ ഇഡി നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഐസക്കിന്റെ ആവശ്യം. തുടര്‍ നടപടികള്‍ വിലക്കണമെന്നും ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇ ഡി നല്‍കിയ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ (FEMA) ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും ഹര്‍ജിയില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ജൂലൈ 18ന് ഹാജരാകാനാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഐസക് ഹാജരായിരുന്നില്ല.
കിഫ്ബിക്കെതിരായ ഇ ഡി നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐ ബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്. 73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം.