അച്ചടക്ക നടപടി നേരിടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ഇല്ല
അച്ചടക്ക നടപടിയോ വിജിലൻസ് നടപടിയോ നേരിടുന്ന സർക്കാർ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ (വിആര്‍എസ്) ഇല്ല. വകുപ്പുതല അച്ചടക്ക നടപടിയോ ജുഡീഷ്യല്‍ നടപടിയോ നേരിടുന്ന ജീവനക്കാരുടെ വിആര്‍എസ് അപേക്ഷ എത്രയും വേഗം നിരസിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ധനകാര്യ വകുപ്പ് പുറത്തിറക്കി. ഇത്തരം അപേക്ഷകൾ ഓഫീസ് മേലാധികാരി ഏഴു ദിവസത്തിനുള്ളിൽ വ്യക്തമായ കാരണം കാണിച്ച് നിരസിച്ച് മടക്കി നൽകണം. കൂടാതെ അച്ചടക്ക നടപടിയുടെ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ ലഭ്യമല്ലെങ്കിൽ മേലോഫീസിലേക്ക് ഏഴു പ്രവർത്തി ദിവസങ്ങൾക്കകം അപേക്ഷ സമർപ്പിക്കുകയും വേണം. സർക്കാർ ജീവനക്കാരുടെ സ്വയം വിരമിക്കൽ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അഞ്ചിന് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് നിര്‍ദേശങ്ങള്‍. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു എ യാണ് ഉത്തരവിറക്കിയത്.
കേരള സർവീസ് റൂൾ അനുസരിച്ച് ഒരു സർക്കാർ ജീവനക്കാരൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയാൽ മൂന്നു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ നിരസിച്ചില്ലെങ്കിൽ കേരള സർവീസ് റൂൾ ചട്ടം 56 (iv) പ്രകാരം സ്വയം വിരമിക്കൽ നിലവിൽ വരുന്നതാണ്. എന്നാൽ പല കേസുകളിലും സമയബന്ധിതമായി അപേക്ഷ നിരസിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ ജോലിയിൽ തുടരുകയും അവർക്ക് ശമ്പളം, മറ്റു അലവൻസുകൾ എന്നിവയ്ക്ക് പുറമെ പെൻഷനും ആനുകൂല്യങ്ങൾക്ക് പലിശയും മറ്റും സർക്കാരിന് നൽകേണ്ടതായി വരാറുണ്ട്.
ഇത്തരം സാഹചര്യങ്ങൾ സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കിയിരുന്നു. ഇത്തരം അധിക സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനാണ് ധനകാര്യ വകുപ്പ് സ്വയം വിരമിക്കൽ സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്.
പുതിയ സർക്കുലർ പ്രകാരം മൂന്നു മാസത്തെ നോട്ടീസ് പീരീഡ് ഇല്ലാതെ ലഭിക്കുന്ന അപേക്ഷകൾ ഓഫീസ് മേലാധികാരി അഞ്ചു പ്രവർത്തി ദിവസത്തിനകം വ്യക്തമായ കാരണം കാണിച്ച് മടക്കി നൽകണം. സർക്കാർ ബാധ്യതയുള്ള ജീവനക്കാരുടെ അപേക്ഷ ഏഴ് പ്രവർത്തി ദിവസത്തിനകം വ്യക്തമായ കാരണം കാണിച്ച് മടക്കി അയക്കണം. കൂടാതെ നോൺ ഗസറ്റഡ് ജീവനക്കാരുടെ യോഗ്യസേവന കാലം 20 വർഷത്തിൽ കുറവാണെന്ന് പ്രാഥമിക പരിശോധനയിൽ കാണുന്ന പക്ഷം അപേക്ഷ അക്കൗണ്ടന്റ് ജനറലിന് നൽകാതെ പതിനഞ്ചു ദിവസത്തിനകം ഓഫീസ് മേധാവി നിരസിച്ച് മടക്കി അയക്കേണ്ടതാണ്. അതേസമയം ഗസറ്റഡ് ജീവനക്കാരുടെ സ്വയം വിരമിക്കൽ അപേക്ഷ ഏഴു പ്രവർത്തി ദിവസത്തിനകം നിയമനാധികാരിക്ക് നൽകാനും നിർദേശമുണ്ട്.
ഒരു ജീവനക്കാരന്റെ തസ്തികയ്ക്ക് നിയമനം നടത്തുവാൻ ക്ഷമതയുള്ള അധികാരിക്ക് സർക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷയിൽ ഇനി അനുമതി നൽകാനാകും
ഇനി മുതൽ പ്രഥമദൃഷ്ട്യാ അർഹമാണെന്നു തോന്നുന്ന അപേക്ഷകൾ മാത്രമേ മേലോഫീസിലേക്കോ നിയമനാധികാരിക്കോ അക്കൗണ്ടന്റ് ജനറലിനോ അയച്ചു നൽകേണ്ടതുളളൂ. ഒരു ജീവനക്കാരന്റെ തസ്തികയ്ക്ക് നിയമനം നടത്തുവാൻ ക്ഷമതയുള്ള അധികാരിക്ക് സർക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷയിൽ ഇനി അനുമതി നൽകാനാകും.
അക്കൗണ്ടന്റ് ജനറലിൽ നിന്നും സർവീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വാങ്ങി നോട്ടീസിൽ പരാമർശിക്കുന്ന തിയതിയ്ക്ക് മുമ്പായി നിയമനാധികാരി സ്വയം വിരമിക്കലിൽ തീരുമാനമെടുക്കേണ്ടതാണ്. കൂടാതെ സ്വയം വിരമിക്കലുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാരണവശാൽ അനുമതി വൈകിയത് മൂലം പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ടതായി വന്നാൽ ഈ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും സർക്കുലറിൽ നിർദേശമുണ്ട്. അക്കൗണ്ടന്റ് ജനറലിൽ നിന്നും സർവീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വാങ്ങാതെ ഒരു കാരണവശാലും സ്വയം വിരമിക്കൽ അനുവദിക്കരുതെന്നുമാണ് പുതിയ ഉത്തരവ്.
ഏതെങ്കിലും കാരണവശാൽ അനുമതി വൈകിയത് മൂലം പെൻഷൻ ആനുകൂല്യങ്ങൾക്ക് പലിശ നൽകേണ്ടതായി വന്നാൽ ഈ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും സർക്കുലറിൽ നിർദേശമുണ്ട്
സ്വയം വിരമിക്കൽ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചാൽ മൂന്നു മാസത്തിനകം പെൻഷനുള്ള അപേക്ഷ സമർപ്പിക്കുവാൻ ഓഫീസ് മേലാധികാരി അല്ലെങ്കിൽ പെൻഷൻ സാങ്‌ഷനിങ് അതോറിറ്റി അപേക്ഷകന് രേഖാമൂലം നിർദേശം നൽകണം, നോട്ടീസ് പിരീഡിൽ തന്നെ സ്വയം വിരമിക്കൽ പിൻവലിക്കുന്നതിനുള്ള അപേക്ഷ ലഭിക്കുന്നപക്ഷം വ്യക്തമായ ശുപാര്‍ശയോടെ നിയമനാധികാരി അല്ലെങ്കിൽ വകുപ്പ് തലവൻ മുഖാന്തരം സർക്കാരിന് സമർപ്പിക്കണം എന്നിങ്ങനെയാണ് സർക്കുലറിലെ മറ്റു നിർദേശങ്ങൾ.