സർക്കാര്‍ ഗവര്‍ണര്‍ പോര്: ഇന്ന് നിര്‍ണായകം, ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ്  രാജ്ഭവനിലേക്ക്

സർക്കാര്‍ ഗവര്‍ണര്‍ പോര്: ഇന്ന് നിര്‍ണായകം, ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ് രാജ്ഭവനിലേക്ക്

സാങ്കേതിക സർവകലാശാല വിസി നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാറിന്റെ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും
Updated on
2 min read

കേരളത്തിലെ സർക്കാർ ഗവർണർ പോര് നിയമ പോരാട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് നിർണായക ദിനം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് ഇന്ന് രാജ്ഭവനിലെത്തും. ഇതിനൊപ്പം സാങ്കേതിക സർവകലാശാല വിസി നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാറിന്റെ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ഗവർണർക്ക് എതിരായ നീക്കം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും ചർച്ചയായേക്കും.

വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണ്. എന്നാൽ സിസ തോമസിനെ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ നിലപാട്. വിസി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകിയത്. വിഷയത്തിൽ ഇന്ന് യുജിസി കൈക്കൊള്ളുന്ന നിലപാടും നിർണായകമാണ്. ഗവർണ്ണറുടെ ഉത്തരവ് ചട്ടങ്ങൾക്ക് വിരുദ്ധമാണോ എന്നാണ് യുജിസി കോടതിയിൽ വിശദീകരിക്കേണ്ട വരിക. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഗവർണറെ രാഷ്ട്രീയമായും നിയമ വഴിയിലൂടെയും നേരിടാനാണ് സിപിഎം നീക്കം

ഹൈക്കോടതി നിലപാടിലേക്ക് കേരളം ഉറ്റു നോക്കുമ്പോഴാണ് കേരളത്തിലെ 13 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് ഇന്ന് രാജ് ഭവനിലേക്ക് എത്തുന്നത്. വെള്ളിയാഴ്ച കൽപിത സർവകലാശാലയായ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ ഒഴിവാക്കി സാംസ്‌കാരിക വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

കലാമണ്ഡലം കൽപിത സർവകലാശാലയുടെ നിയമം അനുസരിച്ച് സർക്കാരാണ് ചാൻസലറെ നിയമിക്കേണ്ടത്. ഇതനുസരിച്ചാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരം ഒരു നീക്കത്തിന് പ്രത്യേക നിയമ ഭേദഗതിയുടെ ആവശ്യമില്ലെന്നതും സർക്കാർ നീക്കം വേഗത്തിലാകാൻ കാരണമായി.

ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ നീക്കാന്‍ കൊണ്ടുവന്ന ഓർഡിനൻസ്‌ കേന്ദ്രനിയമങ്ങളെ ലംഘിക്കുന്നില്ല. ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തല്‍

അതേസമയം, ഗവർണർക്ക് എതിരായ നീക്കം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും ചർച്ചയായേക്കും. സംസ്ഥാന സർക്കാരിനു കീഴിലെ സർവകലാശാലകളുടെ ചാൻസലറായി അക്കാദമിക് വിദഗ്ധരെ നിയോഗിക്കുക എന്നത് കേരളത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അനിവാര്യമാണ് എന്നാണ് സിപിഎം നിലപാട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഗവർണറെ രാഷ്ട്രീയമായും നിയമ വഴിയിലൂടെയും നേരിടാനാണ് സിപിഎം നീക്കം എന്ന് വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം. അക്കാദമിക് വിദഗ്ധരെ ചാൻസലറായി നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സവിശേഷ പ്രാധാന്യം ലഭിക്കാൻ വഴിയൊരുക്കും. പ്രഗത്ഭരും അക്കാദമിക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായവരെ ചാൻസലറാക്കുന്നതിലുടെ സാധിക്കുമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

സംസ്ഥാന സർവകലാശാലകളുടെ നിയമനിർമാണാധികാരം പൂർണമായും നിയമസഭകൾക്കാണ്‌. യുജിസി ഒരിടത്തും ചാൻസലർ ഗവർണർ ആയിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുന്നുമില്ല. സർവകലാശാലകളുടെ പ്രത്യേക നിയമമനുസരിച്ചാണ്‌ ഗവർണറെ ചാൻസലറായി നിയമിച്ചത്‌. അതുകൊണ്ടുതന്നെ നിയമം ഭേദഗതി ചെയ്‌ത്‌ ഗവർണർ ചാൻസലറാകണമെന്ന വ്യവസ്ഥ മാറ്റാൻ സംസ്ഥാനസർക്കാരിന്‌ ഭരണഘടനാപരമായിത്തന്നെ പൂർണ അധികാരമുണ്ട്‌. 

സർക്കാർ  അംഗീകരിച്ചുനൽകുന്ന ഓർഡിനൻസുകൾ ഒപ്പിടേണ്ടത്‌ ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ്‌. ഭരണഘടനയുടെ 213-ാം അനുച്ഛേദത്തില്‍ ഇക്കാര്യം വ്യക്കമാക്കുന്നുണ്ട്. ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ നീക്കാന്‍ കൊണ്ടുവന്ന ഓർഡിനൻസ്‌ കേന്ദ്രനിയമങ്ങളെ ലംഘിക്കുന്നില്ല. കേന്ദ്രനിയമത്തിനെതിരായ വ്യവസ്ഥകളൊന്നും ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ട ആവശ്യവുമില്ല. അതുകൊണ്ടുതന്നെ ഓർഡിനൻസ്‌ രാഷ്ട്രപതിക്ക്‌ അയച്ചുകൊടുക്കുമെന്ന ഗവർണറുടെ നിലപാട്‌ ഭരണഘടനാവിരുദ്ധമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in