കേരള ഹൈക്കോടതിയിൽ അഭിഭാഷകനായെത്തി പി ചിദംബരം

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായെത്തി പി ചിദംബരം

ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായി പി ചിദംബരം
Updated on
1 min read

ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്റെ ഹർജിയിൽ ഹൈക്കോടതിയിൽ വാദത്തിനെത്തിയത് അഭിഭാഷകൻ കൂടിയായ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. ഇന്നലെ ചെന്നൈയിൽ നിന്നെത്തിയ പി ചിദംബരം ജസ്റ്റിസ് പി ഡയസ് മുൻപാകെ നേരിട്ട് ഹാജരായാണ് വാദം നടത്തിയത്.

ഫെഡറൽ ബാങ്ക് മാനേജ്‌മെന്റ് നടപ്പാക്കുന്ന ട്രേഡ് യൂണിയൻ വിരുദ്ധ നടപടികൾക്കെതിരെ അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയിരുന്നു. ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാര്‍ ജൂണ്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരായ ഫെഡറൽ ബാങ്കിന്റെ പരാതിയിൽ ലേബർ കമ്മിഷണർ അസോസിയേഷന് നോട്ടീസ് നൽകി. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ലേബർ കമ്മിഷണർക്ക് ഇത്തരത്തിൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്നും വർക്ക് മെൻ ഗണത്തിൽപ്പെടുന്നവരല്ല ഹർജിക്കാരെന്നും അഡ്വ.പി ചിദംബരം കോടതിയെ അറിയിച്ചു. തുടർന്ന് ഇരുകക്ഷികൾക്കും സമ്മതനായ മധ്യസ്ഥനെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

ഉഭയകക്ഷി കരാറുകള്‍ ലംഘിച്ച് മാനേജ്മെന്റ് ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം. ബിസിനസിൽ വർധനയുണ്ടായിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല. ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ സമീപനം പ്രശ്നങ്ങളുണ്ടാക്കുന്നു, അകാരണമായി സ്ഥലം മാറ്റുന്നു തുടങ്ങിയ പരാതികളാണ് അസോസിയേഷൻ ഉന്നയിക്കുന്നത്. ഇതിനെതിരെ നിരവധിതവണ മാനേജ്മെന്റിന് നിവേദനം നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്ന് സമരപ്രഖ്യാപനം നടത്തിയെന്നാണ് ഫെഡറൽ ബാങ്ക് ഓഫിസേസേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in