"ഇ പി ജയരാജൻ അഴിമതിക്കാരൻ"; സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ ഗുരുതര അഴിമതി ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ. വ്യാഴാഴ്ച്ച നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജൻ ഉന്നയിച്ചത്. സംസ്ഥാന കമ്മിറ്റി ചർച്ചകൾക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപണം രേഖാമൂലമുള്ള പരാതിയായി നൽകിയാൽ പാർട്ടി അന്വേഷിക്കുമെന്ന് മറുപടി നൽകിയെന്ന് സിപിഐഎം വൃത്തങ്ങൾ പറഞ്ഞു.
കണ്ണൂരിൽ ജയരാജന്റെ വീടിനു സമീപത്തുള്ള വിലാസത്തിലാണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന കമ്പനി 2014-ഇൽ സ്ഥാപിതമാകുന്നത്. ജയരാജന്റെ മകൻ പികെ ജെയ്‌സൺ ആയിരുന്നു തുടക്കത്തിൽ കമ്പനിയുടെ ഡയറക്ടർ. പിന്നീട് ഭാര്യ പികെ ഇന്ദിരയും കമ്പനിയുടെ സഹ ഡയറക്ടറായി. കണ്ണൂർ മൊറാഴയിൽ ഈ കമ്പനി നിർമിച്ച ആയുർവേദ റിസോർട്ട് 2021-ൽ ഉദ്‌ഘാടനം ചെയ്തു. ആ സമയത്ത് ഇപി ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി പ്രവർത്തിക്കുകയായിരുന്നു. ഈ റിസോർട്ടിന്റെ നിർമാണത്തിന് അഴിമതി പണം ഉപയോഗിച്ചുവെന്ന ആരോപണമാണ് പി ജയരാജൻ ഉന്നയിക്കുന്നതെന്ന് അറിയുന്നു.
കണ്ണൂർ സിപിഐഎം രാഷ്ട്രീയത്തിൽ കുറച്ചു വർഷങ്ങളായി വിരുദ്ധ ധ്രുവങ്ങളിലാണ് ഇരു ജയരാജന്മാരും . സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇ പി ജയരാജനെ എതിർക്കുന്ന നിലപാടാണ് സംഘടനക്കുള്ളിൽ സ്വീകരിക്കുന്നത്. ഗോവിന്ദൻ സെക്രട്ടറിയായ ശേഷം ഇപി ജയരാജൻ സജീവ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്.