കുസാറ്റ് അപകടം: കോളേജ് ഓഡിറ്റോറിയങ്ങളെ സർക്കാർ മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി രാജീവ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) സംഗീത നിശക്കിടെയുണ്ടായ അപകടത്തിന്റെ മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മരിച്ച വിദ്യാർഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വേണ്ടി കുസാറ്റ് ക്യാമ്പസിലെത്തിച്ചു. വിദ്യാര്‍ഥിയല്ലാത്ത ആല്‍ബിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
എറണാകുളം ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ കോളേജ് ഓഡിറ്റോറിയങ്ങളെ അതിലുള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളതില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വിദ്യാര്‍ഥികളാണെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''യഹോബയ പ്രശ്‌നം വന്നപ്പോള്‍ അന്ന് അപകടമുണ്ടായിരുന്നവരുടെ എണ്ണം കുറഞ്ഞത് മുന്നറിയിപ്പ് നല്‍കിയത് കൊണ്ടാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് അവര്‍ നല്‍കിയിരുന്നു. ജില്ലയിലെ എല്ലാ ഓഡിറ്റോറിയങ്ങള്‍ക്കും പോലീസ് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആ ഗണത്തില്‍പ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രി തന്നെ കേരളത്തിലാകെയുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കണമെന്ന് തീരുമാനിച്ചിരുന്നു,'' രാജീവ് പറഞ്ഞു.
രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലുള്ളവര്‍ അപകടാവസ്ഥയിലല്ലെന്നും മന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടുന്ന സന്ദര്‍ഭങ്ങളില്‍ അപകടമുണ്ടാകുമോയെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഇത്തരം ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ, അപകടം കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശം നല്‍കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി തന്നെ അന്ന് നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അത് സംബന്ധിച്ചുള്ള മുന്നറിയിപ്പാണ് ഓഡിറ്റോറിയങ്ങള്‍ക്ക് നല്‍കിയതെന്നും രാജീവ് പറയുന്നു. ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന ഇത്തരം പരിപാടികള്‍ക്ക് പോലീസിന്റെ അനുവാദം പ്രത്യേകിച്ച് വാങ്ങാറില്ലെന്നും കളമശേരി സ്‌ഫോടനത്തിന് ശേഷം പരിപാടികള്‍ അറിയിക്കണമെന്ന് ഓഡിറ്റോറിയങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം ആവശ്യമെങ്കില്‍ അതും നടത്തുന്നതാണ്. പോലീസിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇക്കാര്യങ്ങള്‍ തീരുമാനിക്കും.
അപകടത്തെക്കുറിച്ച് ഇപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ല. തുറന്ന് കിടക്കുന്ന സര്‍വകലാശാലയാണിത്. പ്രവേശനത്തിന് പ്രശ്‌നമില്ല, ആര്‍ക്കും കയറി വരാം. എന്നാല്‍ കോളേജില്‍ മതില്‍ക്കെട്ടുന്ന തീരുമാനമെടുത്തിരുന്നു, അത് നടത്തേണ്ടതുണ്ട്. അനുഭവങ്ങളാണല്ലോ പാഠം നല്‍കുന്നത്. അതിന്റെ ഭാഗമായി എന്തെങ്കിലും നടത്തേണ്ടതുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നാലെ പറയാന്‍ സാധിക്കൂ,'' മന്ത്രി പറഞ്ഞു.
പോലീസിന്റെ അനുമതി സാധാരണ വാങ്ങാറില്ലെങ്കിലും ഔദ്യോഗികമായി അറിയിച്ചിണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ യൂണിയനുകള്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നുള്ള പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.