'പോലീസ് കൊടുത്ത റിപ്പോര്‍ട്ട് പാവം മുഖ്യമന്ത്രി വിശ്വസിച്ചു, തെറ്റിദ്ധരിക്കപ്പെട്ടെന്ന് തിരിച്ചറിയണം'; ഉപദേശവുമായി പി വി അന്‍വര്‍

'പോലീസ് കൊടുത്ത റിപ്പോര്‍ട്ട് പാവം മുഖ്യമന്ത്രി വിശ്വസിച്ചു, തെറ്റിദ്ധരിക്കപ്പെട്ടെന്ന് തിരിച്ചറിയണം'; ഉപദേശവുമായി പി വി അന്‍വര്‍

മുഖ്യമന്ത്രി തന്നെ പറഞ്ഞ പോലീസിലെ പുഴുക്കുത്തുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. തന്റെ ആരോപണങ്ങളില്‍ മനോവീര്യം തകരുന്നത് പോലീസിലെ ക്രിമിനലുകള്‍ക്ക് മാത്രമാണ്.
Updated on
1 min read

പോലീസിന്റെ മനോവീര്യം കെടുത്തുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കുന്നതായിരുന്നു അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രി തന്നെ പറഞ്ഞ പോലീസിലെ പുഴുക്കുത്തുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. തന്റെ ആരോപണങ്ങളില്‍ മനോവീര്യം തകരുന്നത് പോലീസിലെ ക്രിമിനലുകള്‍ക്ക് മാത്രമാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സന്തോഷിക്കുകയാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.

മലപ്പുറം മുന്‍ എസ് പി എസ് സുജിത്ത് ദാസിന്റെ ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് തെറ്റാണെന്ന് ബോധ്യമുണ്ട്. എന്നാല്‍ ഗുതരമായ വിഷയങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ് ആ കോള്‍ പുറത്തുവിട്ടത് എന്നും വി വി അന്‍വര്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണക്കള്ളക്കടത്തില്‍ 182 കേസുകള്‍ മലപ്പുറം പോലീസ് പിടിച്ചിട്ടുണ്ട്. ഈ കേസുകളിലെ പ്രതികളെ മഹത്വവത്കരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ്. ഇതിലെ തെറ്റിദ്ധാരണ നീക്കാന്‍ തുടരന്വേഷണം നടത്തണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. അദ്ദേഹത്തെ വിദദ്ധമായി തെറ്റിദ്ധരിപ്പിച്ചു എന്നതിന്റെ തെളിവാണിത്. വിഷയങ്ങള്‍ മുഖ്യമന്ത്രി വിശദമായി പഠിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്‍വന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉന്നയിച്ചുവരുന്ന ആരോപണങ്ങളെ തള്ളുന്ന നിലപാടായിരുന്നു ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സ്വീകരിച്ചത്. അന്‍വറിന്റെ ആരോപണങ്ങള്‍ നിരന്തരം നേരിട്ട മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. അന്‍വറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നുമുള്‍പ്പെടെയായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.

'പോലീസ് കൊടുത്ത റിപ്പോര്‍ട്ട് പാവം മുഖ്യമന്ത്രി വിശ്വസിച്ചു, തെറ്റിദ്ധരിക്കപ്പെട്ടെന്ന് തിരിച്ചറിയണം'; ഉപദേശവുമായി പി വി അന്‍വര്‍
ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന ബോധ്യം അന്‍വറിന് ഉണ്ടായിരുന്നു എങ്കില്‍ ആരോപണങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തനിക്ക് പറയാനുള്ളത് അന്‍വറിന് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അന്‍വര്‍, ഐ പി എസ് ഉദ്യോഗസ്ഥന്‍ സുജിത് ദാസിന്റെ കോള്‍ റെക്കോര്‍ഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു അന്‍വര്‍ സ്വീകരിച്ചത്. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പി വി അന്‍വറിന്റെ പോസ്റ്റ്. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ സാമ്പത്തിക തിരുമറി നടത്തിയെന്നും 35 ലക്ഷത്തിന് ഒരു ഫ്‌ലാറ്റ് വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തില്‍ അത് മറിച്ച് വിറ്റെന്നുമാണ് വെളിപ്പെടുത്തല്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം എം ആര്‍ അജിത്ത് കുമാറിന് സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി നല്‍കണം എന്ന പരിഹാസവും അന്‍വര്‍ നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in