'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാന്‍ സാമൂഹിക മുന്നേറ്റമാണ് 'ഡിഎംകെ'യുടെ ലക്ഷ്യമെന്നും നയരേഖയില്‍ ഉറപ്പുനല്‍കുന്നുണ്ട്.
Updated on
1 min read

കോഴിക്കോട് മലപ്പുറം ജില്ലകളെ വിഭജിച്ച് സംസ്ഥാനത്ത് പതിഞ്ചാമതായി ഒരു ജില്ല പ്രഖ്യാപിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. തന്റെ പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ)യുടെ നയപ്രഖ്യാപന വേളയിലാണ് അന്‍വര്‍ ഇക്കാര്യം ഉന്നയിച്ചത്. മലപ്പുറം മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് തന്റെ സാമൂഹിക സംഘടനയുടെ നയരേഖ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക നീതി, ജനാധിപത്യത്തിന് കാവല്‍, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം എന്നു തുടങ്ങിയ ആവശ്യങ്ങളും നയപ്രഖ്യാപന രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.

വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാന്‍ സാമൂഹിക മുന്നേറ്റമാണ് 'ഡിഎംകെ'യുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി എന്നും 'ഡിഎംകെ' നിലകൊള്ളഒുമെന്നും നയരേഖയില്‍ ഉറപ്പുനല്‍കുന്നുണ്ട്.

മലബാറിനോട് കാലങ്ങളായി മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അത് ഇനിയും തുടരരുതെന്നും നയരേഖയില്‍ ആവശ്യപ്പെടുന്നുണ്ട്. മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജനസാന്ദ്രത കൂടുതലാണെന്നും ഈ ജില്ലകളെ വിഭജിച്ച് പുതിയൊരു ജില്ല കൂടി പ്രഖ്യാപിക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്നും അതുവഴി വികസനം മലബാറിലെ മുക്കിലും മൂലയിലും കൊണ്ടുവരാന്‍ കഴിയുമെന്നും അതിനാല്‍ പുതിയ ജില്ലയ്ക്കായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നയരേഖയില്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണി വരെയാക്കണം തുടങ്ങിയ ആവശ്യങ്ങളും നയരേഖയില്‍ ഉന്നയിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കിടയിലും വന്‍ ജനപ്രാതിനിധ്യമാണ് മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ കണ്ടത്. വലിയ കരഘോഷത്തോടെയാണ് അന്‍വറിനെ സദസിലുള്ളവര്‍ വേദിയിലേക്ക് ആനയിച്ചത്.

logo
The Fourth
www.thefourthnews.in