കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും

ഇലന്തൂരിലെ നരബലി; പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെടുത്തു, റോസ്‌ലിയുടെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍

മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത് ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന്
Updated on
1 min read

കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. പ്രതികളായ തിരുവല്ല സ്വദേശി വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്ന റഷീദ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന് തന്നെയാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

പ്രതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും
പ്രതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും

കയ്യും കാലും മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗങ്ങളും കണ്ടെടുത്തു. തലയറുത്ത ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടുവെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹാവശിഷ്ടങ്ങള്‍ക്കുമേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.

റോസ്‌ലിയുടെ മൃതദേഹവും വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നാണ് പ്രതികളുടെ മൊഴി. അതിനായുള്ള തിരച്ചില്‍ തുടരുകയാണ്. അയല്‍വീടിനോട് ചേര്‍ന്നുള്ള മതിലിനടുത്താണ് റോസ്‌ലിയെ കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിനും ഭാര്യ ലൈലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. കാലടിയില്‍ നിന്ന് റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്. മറ്റൊരു ആവശ്യം പറഞ്ഞാണ് ഇവരെ തിരുവല്ലയിലെത്തിച്ചത്. തുടര്‍ന്ന് പൂജ നടത്തി ബലി നല്‍കിയെന്നാണ് വിവരം. സെപ്റ്റംബര്‍ 27നാണ് പത്മയെ സമാനരീതിയില്‍ തിരുവല്ലയില്‍ എത്തിച്ചത്. ഇവരെ കാണാതായെന്ന പരാതിയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in