'വീട് കുലുങ്ങി, ഒരുമിച്ച് പോകാമെന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു': വേദനകൾ കുത്തിയൊലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

'വീട് കുലുങ്ങി, ഒരുമിച്ച് പോകാമെന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു': വേദനകൾ കുത്തിയൊലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ

ദുരിതാശ്വാസ ക്യാമ്പുകളിൽ ബാക്കിയുള്ളത് വേദനകളും അങ്കലാപ്പുകളും മാത്രമാണ്. അവരുടെ ആകെയുള്ള സ്വത്തും സമ്പാദ്യങ്ങളും ജീവിതം തന്നെയുമാണ് കഴിഞ്ഞ രാത്രി മലയെടുത്തത്.
Updated on
1 min read

"വിവരം അറിഞ്ഞ് ബന്ധു വിളിച്ചു. കുഴപ്പമില്ല സേഫ് ആണെന്ന് പറഞ്ഞ് തീരുന്നതിന് മുൻപ് രണ്ടാമത്തെ ഉരുൾ പൊട്ടി. ഞങ്ങൾ പോവുകയാണ് എല്ലാവരോടും പറയണമെന്ന് പറഞ്ഞ് ഫോൺ വെച്ചു. വീട് നിന്ന നിൽപ്പിൽ കുലുങ്ങാൻ തുടങ്ങി. ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചു. എന്തായാലും പോവുകയല്ലേ, ഒരുമിച്ച് പോകാമെന്ന് വെച്ച് ഞങ്ങൾ അഞ്ച് പേരും കെട്ടിപ്പിടിച്ച് നിന്നു. അവിടെ ഉണ്ടായിരുന്ന മറ്റു കുടുംബങ്ങളും അങ്ങനെ തന്നെ ചെയ്തു. ഒരു അര മണിക്കൂർ അതങ്ങനെ പൊട്ടിവന്നു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ സമാധാനമായി തുടങ്ങി. മകളുടെ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. ഒക്ടോബറിലായിരുന്നു കല്യാണം. എല്ലാം കുറച്ച് കുറച്ചായി സ്വരുക്കൂട്ടുന്ന തിരക്കിലായിരുന്നു ഇതുവരെ. ഇനിയെങ്ങോട്ട് പോകുമെന്നറിയില്ല. ഒന്നുമില്ല ഇനി ഞങ്ങൾക്ക്" വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ ഉള്ള ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ഈ വാക്കുകൾ. കരഞ്ഞുകൊണ്ടല്ലാതെ കഴിഞ്ഞതിന് മുൻപുള്ള രാത്രിയെക്കുറിച്ച് അവർക്ക് സംസാരിക്കാൻ സാധിക്കുന്നില്ല

'വീട് കുലുങ്ങി, ഒരുമിച്ച് പോകാമെന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു': വേദനകൾ കുത്തിയൊലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഏറ്റവും കൂടുതൽ കേരളത്തിൽ; കാരണങ്ങൾ എന്തൊക്കെ?

"രണ്ടാമത്തെ തവണ പൊട്ടുന്നതിന് തൊട്ടുമുമ്പായി കുറച്ച് ചെറുപ്പക്കാർ റെസ്ക്യൂ നടത്താനായി റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ടോർച്ച് തെളിച്ച് ഞങ്ങൾ ഇവിടെ ഉണ്ടെന്ന് കാണിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ഉരുൾപൊട്ടിയത്. അവർ ഓടിരക്ഷപ്പെട്ടോ അതോ മലവെള്ളത്തിനൊപ്പം പോയോ എന്നറിയില്ല," വൻ ദുരന്തം മുന്നിൽ കണ്ടതിന്റെ ആഘാതവും രക്ഷപ്പെട്ടതിന്റെ ആശ്വാസവും ഉണ്ടെങ്കിലും ഒരായുസിന്റെ അധ്വാനം മലയെടുത്തതിന്റെ നിസഹായതയാണ് അവിടെയെങ്ങും കാണാനുള്ളത്. പലർക്കും കുടുംബത്തിലെ മറ്റ് അംഗങ്ങളെയും അയല്പക്കക്കാരെയും സുഹൃത്തുക്കളെയും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മറ്റുള്ളവർക്ക് എന്തുസംഭവിച്ചുവെന്ന വേവലാതിയും അവരെ ദുർബലരാക്കുന്നു.

'വീട് കുലുങ്ങി, ഒരുമിച്ച് പോകാമെന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു': വേദനകൾ കുത്തിയൊലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ
പുത്തുമലയിൽനിന്ന് ചൂരൽമലയിലേക്ക് അഞ്ചാണ്ടിന്റെ ദൂരം

ആദ്യ ഉരുൾപൊട്ടൽ ഉണ്ടായതോടെ ഓടി രക്ഷപ്പെട്ടവരാണ് പലരും. രണ്ടാമത്തെ പൊട്ടിനെ അതിജീവിച്ചവരും കൂട്ടത്തിലുണ്ട്. "വെള്ളം വരുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും കഴുത്തോളം ചെളി നിറഞ്ഞിരുന്നു. വാതിൽ തുറന്നിട്ടൊന്നും കിട്ടിയില്ല. ഓടി രക്ഷപ്പെടുന്നതിനിടയിൽ കാലും കയ്യുമെല്ലാം മുറിഞ്ഞു. അപ്പോഴേക്കും അടുത്ത പൊട്ട് പൊട്ടി. മരങ്ങളെല്ലാം കൂടി വന്നു. വീടെല്ലാം മുഴുവൻ പോയി. ഇനിയൊന്നുല്ല" ദുരിതാശ്വാസ ക്യാമ്പിലെത്തിയ സ്ത്രീ പറയുന്നു.

'വീട് കുലുങ്ങി, ഒരുമിച്ച് പോകാമെന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു': വേദനകൾ കുത്തിയൊലിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ
'ചുറ്റും നിലവിളികള്‍, മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനീങ്ങുന്നു'; വിറങ്ങലിച്ച് ചൂരല്‍മല നിവാസികള്‍

ജീവൻ രക്ഷിക്കാനായി അർധരാത്രി ഒരു മണിമുതൽ റോഡിൽ ഇറങ്ങിനിൽക്കുകയായിരുന്നുവെന്നാണ് മറ്റു ചിലർക്ക് പറയാനുള്ളത്. ആദ്യത്തെ ഉരുൾപൊട്ടിയതിന് പിന്നാലെ പുറത്തേക്ക് മാറിനിൽക്കുകയായിരുന്നു നൂറിലധികം പേർ. വീണ്ടും പൊട്ടിയതോടെ ഭയന്ന് തുറസായ റോഡിലേക്ക് മാറിനിന്നു. അർധരാത്രി ഒരു മണി മുതൽ ആ നിൽപ്പ് നിൽക്കേണ്ടി വന്നു. പല മൃതദേഹങ്ങളും മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. ചിലരെ രക്ഷപ്പെടുത്തി. വെളിച്ചം വന്നതോടെ ഒരു പള്ളിയിൽ അഭയം തേടി. രക്ഷാപ്രവർത്തകർ എത്തുന്നത് ജീവൻ കയ്യിൽ പിടിച്ച് കാത്തിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ബാക്കിയുള്ളത് വേദനകളും അങ്കലാപ്പുകളും മാത്രമാണ്. അവരുടെ ആകെയുള്ള സ്വത്തും സമ്പാദ്യങ്ങളും ജീവിതം തന്നെയുമാണ് കഴിഞ്ഞ രാത്രി മലയെടുത്തത്.

logo
The Fourth
www.thefourthnews.in