വിമതനീക്കത്തില്‍ വിറച്ച് കോണ്‍ഗ്രസ്, അടിത്തറ ഉറപ്പിക്കാന്‍ ബിജെപി, നഷ്ടപ്പെടാനൊന്നുമില്ലാതെ സിപിഎം; പാലക്കാട് വീശുന്നത് മാറ്റത്തിന്റെ കാറ്റോ?
സംസ്ഥാനത്ത് മാറിമറിയുന്ന രാഷ്ട്രീയഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി എടുത്തുകാണിക്കാൻ സാധിക്കുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. എല്‍ഡിഎഫും യുഡിഎഫും അരങ്ങുവാഴുന്ന കേരളരാഷ്ട്രീയത്തിലേക്ക് മൂന്നാം ശക്തിയായി ബിജെപി ഉയർന്നു വരുന്നെങ്കില്‍ അതില്‍ പാലക്കാടിനും പങ്കുണ്ടെന്നു പറയാം.
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്കു 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം. സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കു തുടർച്ചയായി രണ്ടു തവണ തഴഞ്ഞ വോട്ടർമാരുടെ മണ്ഡലം. ഷാഫി പറമ്പിലെന്ന യുവനേതാവിന്റെ വ്യക്തിപ്രഭാവം കൊണ്ട് സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം. അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് പാലക്കാടിന്.
പാലക്കാടിന്റെ 'പൊന്നോമന'യില്‍നിന്ന് വടകരയുടെ 'ദത്തുപുത്ര'നായി ഷാഫി മാറിയതോടെയാണ് പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടകാക്കാൻ കോണ്‍ഗ്രസ് കളത്തിലിറക്കിയത് 'വരത്തനായ' രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ്. രാഹുലിന്റെ വരവില്‍ അനിഷ്ടം രഹസ്യമാക്കാതെ പരസ്യമാക്കിയ ഡോ. പി. സരിനേക്കാള്‍ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള നേതൃപാടവം സിപിഎമ്മിനുമുണ്ടായില്ല. സി കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്തം ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ത്രികോണപ്പോരില്‍ ആർക്കാണ് മുൻതൂക്കം, മണ്ഡലത്തിന്റെ ചരിത്രം പറയുന്നതെന്ത്?
പാലക്കാട് നിയമസഭ മണ്ഡലം
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. 2021ലെ വോട്ടർപട്ടിക പ്രകാരം 1.78 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുകയാണെങ്കില്‍ പാലക്കാടിന്റെ നഗരമേഖലയില്‍ ബിജെപിക്കാണ് മുൻതൂക്കം. നിലവില്‍ പാലക്കാട് നഗരസഭ ബിജെപിയുടെ കയ്യിലാണ്. 52 കൗണ്‍സിലർമാരില്‍ 28 പേരും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ പ്രതിനിധികളാണ്.
ഗ്രാമപഞ്ചായത്തുകളിലേക്കെത്തിയാല്‍ തിരിച്ചാണ് കാര്യങ്ങള്‍. ഇവിടെ മേല്‍ക്കൈ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. പിരയിരി, മാത്തൂർ പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണ്. എല്‍ഡിഎഫിന്റെ കൈവശമാണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ട് വിഹിതം പരിശോധിക്കുകയാണെങ്കില്‍ കുറച്ചുകൂടി വ്യക്തമായ ചിത്രം ലഭിക്കും.
പാലക്കാട് നഗരസഭ പരിശോധിക്കുകയാണെങ്കില്‍ 34,143 വോട്ടുകളാണ് ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. യുഡിഎഫിന് 27,905 വോട്ടുകളും എല്‍ഡിഎഫിന് 16, 445 വോട്ടുകളുമാണ് ലഭിച്ചത്. പഞ്ചായത്തുകളിലേക്ക് വന്നാല്‍ മാത്തൂരിലും കണ്ണാടിയിലും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ചാണ്. രണ്ടിടത്തും ബിജെപിയുടെ വോട്ടുവിഹിതം താരതമ്യേനെ കുറവും. പിരായിരിയിലേക്ക് എത്തുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. എൻഡിഎ, എല്‍ഡിഎഫ് മുന്നണികളേക്കാള്‍ ഇരട്ടിവോട്ട് യുഡിഎഫിന് 2020ല്‍ ലഭിച്ചിരുന്നു. ഇവിടെ എൻഡിഎയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്.
മണ്ഡലത്തിന്റെ ചരിത്രം
പാലക്കാടിനെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം എന്നുതന്നെ വിശേഷിപ്പിക്കാനാകും. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണമാത്രമാണ് സിപിഎമ്മിന് മണ്ഡലത്തില്‍നിന്ന് സ്ഥാനാർഥിയെ നിയമസഭയിലെത്തിക്കാൻ സാധിച്ചത്.
കെ. രാമകൃഷ്ണൻ (1952), ആർ. രാഘവമേനോൻ (1957, 1960), സി എം സുന്ദരം (1977, 1980, 1982, 1987, 1991), കെ ശങ്കരനാരായണൻ (2001), ഷാഫി പറമ്പില്‍ (2011, 2015, 2016) എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍.
എം വി വാസുവിലൂടെ 1965ലാണ് ആദ്യമായി സിപിഐഎം മണ്ഡലത്തില്‍ വിജയിക്കുന്നത്. ആർ കൃഷ്ണൻ (1967, 1970), ടി കെ നൗഷാദ് (1996), കെ കെ ദിവാകരൻ (2001) എന്നിവരാണ് സിപിഎമ്മില്‍ നിന്ന് നിയമസഭയിലെത്തിയത്.
1982-ല്‍ ഒ രാജഗോപാലിനെ അവതരിപ്പിച്ചതോടെയാണ് ബിജെപിക്ക് മണ്ഡലത്തില്‍ വോട്ടുറപ്പിക്കാനായത്. കേവലം 1.75 ശതമാനത്തില്‍ നിന്നാണ് രാജഗോപാലെത്തിയപ്പോള്‍, ബിജെപിയുടെ വോട്ടുവിഹിതം 14 ശതമാനം കടന്നത്. പിന്നീടൊരിക്കല്‍പ്പോലും ബിജെപിയുടെ വോട്ട് 10 ശതമാനത്തിന് താഴെ പോയിട്ടില്ല. അന്നത്തെ 14ല്‍ നിന്ന് 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ 35 ശതമാനത്തിലേക്ക് വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു.
ബിജെപിയുടെ വളർച്ചയും 2016, 2021 തിരഞ്ഞെടുപ്പുകളും
ഒ രാജഗോപാലിനുശേഷം ബിജെപി സംസ്ഥാന തലത്തില്‍ സ്വീകാര്യതയുള്ള ഒരു നേതാവിനെ ആദ്യമായി മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് 2016ലായിരുന്നു. അന്ന് ശോഭ സുരേന്ദ്രനാണ് ബിജെപിക്കായി പാലക്കാട് മത്സരിക്കാനിറങ്ങിയത്. മണ്ഡലത്തില്‍ ആദ്യമായി സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ആ തിരഞ്ഞെടുപ്പിലാണ്. പക്ഷേ, ഷാഫി പറമ്പിലിനൊപ്പമായിരുന്നു പാലക്കാടെ വോട്ടർമാർ നിന്നത്. പതിനേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം. 29 ശതമാനം വോട്ടാണ് ശോഭ നേടിയത്. സിപിഎമ്മിനായി അന്ന് മത്സരിച്ചത് എൻ എൻ കൃഷ്ണദാസായിരുന്നു. 28.07 ശതമാനം വോട്ടാണ് കൃഷ്ണദാസ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ വോട്ടുവിഹിതം 30 ശതമാനത്തിന് താഴെയെത്തി.
2016-ല്‍ ശോഭ സുരേന്ദ്രൻ മത്സരിച്ചതിനേക്കാള്‍ വലിയ വെല്ലുവിളി ഷാഫി നേരിട്ടത് 2021ലായിരുന്നു. അന്ന് മെട്രൊമാൻ ഇ ശ്രീധരനായിരുന്നു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്. നിഷ്‌പക്ഷവോട്ടർമാർക്കിടയില്‍ ശ്രീധരനുണ്ടാക്കിയ സ്വാധീനം, ബ്യൂറോക്രാറ്റ് എന്ന നിലയിലെ മികവ് ഇവയെയെല്ലാം ഷാഫിക്ക് മറികടക്കണമായിരുന്നു മണ്ഡലം നിലനിർത്താൻ. 2016-ല്‍ ത്രികോണ പോരായിരുന്നെങ്കില്‍ 2021ല്‍ ബിജെപി-കോണ്‍ഗ്രസ് നേർക്കുനേർ മത്സരമായി. സിപിഎം ചിത്രത്തിലില്ലായിരുന്നുവെന്ന് പറയാം.
അവസാനറൗണ്ട് വരെ ശ്രീധരനായിരുന്നു ലീഡ്. എന്നാല്‍, 3,859 വോട്ടിന്റെ കേവലഭൂരിപക്ഷത്തില്‍ ഷാഫി വിജയിച്ചു. കേരളം ഒന്നാകെ ആഘോഷിച്ചിരുന്നു ഷാഫിയുടെ വിജയം. ഷാഫിയുടേതുമാത്രമല്ല നേമത്തെ വി ശിവൻകുട്ടിയുടെ വിജയത്തിനും സമാനസ്വീകാര്യത ലഭിച്ചു. മുഖ്യമന്ത്രിയാകാനൊരുങ്ങിയ ശ്രീധരന്റെ രാഷ്ട്രീയജീവിതം തന്നെ പാലക്കാടെ വോട്ടർമാർ അവസാനിപ്പിച്ചു. പക്ഷേ, തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായി. ശ്രീധരന് അരലക്ഷത്തിലധികം വോട്ട് ലഭിച്ചു, മണ്ഡലചരിത്രത്തിലാദ്യമായി.
ഷാഫിക്കന്ന് തുണയായത് വ്യക്തിപ്രഭാവവും നിഷ്‌പക്ഷവോട്ടർമാരും ഒരുവിഭാഗം സിപിഎം അനുഭാവികളുടെയും വോട്ടുകളാണെന്നാണ് മണ്ഡലത്തില്‍നിന്നുണ്ടായ വിലയിരുത്തല്‍. എന്നാല്‍, ഇത് ആവർത്തിക്കാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. പ്രത്യേകിച്ചും മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള ഒരു വ്യക്തികൂടിയാണ് രാഹുല്‍.
രാഹുലിന് മുന്നിലെ വെല്ലുവിളി, അത് പി സരിൻ!
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച സായാഹ്നത്തില്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു. ആ നിമഷം മുതല്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആരംഭിച്ചു, വിവാദങ്ങളുടെ പടുകുഴിയിലേക്ക് പാലക്കാട് കോണ്‍ഗ്രസിനെ തള്ളിയിടാൻ പാർട്ടിക്കുള്ളില്‍നിന്ന് തന്നെ അവതാരങ്ങളുണ്ടായി.
രാഹുല്‍ സ്ഥാനാർഥിത്വം കൂടിയാലോചനകളില്ലാതെ നടന്നതാണെന്നും ഷാഫി പറമ്പില്‍ - വി ഡി സതീശൻ - രാഹുല്‍ മാങ്കൂട്ടത്തില്‍ കോക്കസിന്റെ തന്ത്രങ്ങളാണ് പാർട്ടിക്കുള്ളില്‍ നടപ്പാകുന്നതെന്നും ആരോപിച്ച് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ ഡോ. പി സരിൻ രംഗത്തെത്തി. പിന്നീട്, മാലപ്പടക്കംപോലെയായിരുന്നു സരിന്റെ ആരോപണങ്ങള്‍. സതീശനേയും ഷാഫിയേയും പ്രതിക്കൂട്ടിലാക്കിയായിരുന്നു സരിന്റെ ഓരോ വാക്കുകളും.
സതീശൻ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഷാഫിയെ വടകരയില്‍ മത്സരിപ്പിച്ചത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്നടക്കം സരിൻ ഉന്നയിച്ചു. പാലക്കാട് ബിജെപിക്ക് നല്‍കാനുള്ള നീക്കമാണെന്ന തരത്തിലായിരുന്നു സരിന്റെ വാക്കുകള്‍. സരിന്റെ വാർത്താസമ്മേളനം പൂർത്തിയാകും മുൻപ് തന്നെ കോണ്‍ഗ്രസിന്റെ നടപടിയുണ്ടായി. സരിനെ കോണ്‍ഗ്രസില് നിന്ന് പുറത്താക്കി. ഇടതുപക്ഷം സരിനായി പാർട്ടിയുടെ വാതിലുകള്‍ തുറന്നു നല്‍കി. സരിനൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയുമായി.
സരിനുന്നയിച്ച ആരോപണങ്ങള്‍ അത്ര നിസാരമല്ലെന്നതാണ് രാഹുലിന് വെല്ലുവിളിയാകുന്നത്. ഷാഫി പറമ്പില്‍ പാർട്ടിയില്‍ അമിതസ്വാധീനം ചെലുത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്. രാഹുലാകട്ടെ ഷാഫിയുടെ അടുത്ത അനുയായിയും. രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ തന്നെ സ്വരച്ചേർച്ചകളുണ്ടെന്നകാര്യവും പലകോണില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്.
സരിൻ പാലക്കാട്ടുകാരനാണെന്നതും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നതിന്റെ തെളിവുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സരിന് പിന്നാലെ നേതൃത്വത്തിനോട് എതിർപ്പ് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാർട്ടി വിട്ടിരുന്നു. ശേഷം രണ്ട് യുവനേതാക്കള്‍ക്കൂടി കൈപ്പത്തി ഉപേക്ഷിച്ചു.
ഇത്തരം പ്രതിസന്ധികളെല്ലാം കോണ്‍ഗ്രസിന് തലവേദനയാണ്. ഷാഫിക്ക് ലഭിച്ചിരുന്ന നിഷ്‌പക്ഷ വോട്ടുകള്‍, സിപിഎം അണികളുടെ വോട്ടുകള്‍, വിവിധ സാമുദായിക വിഭാഗങ്ങളുടെ പിന്തുണ, ഇതെല്ലാം അനുകൂലമാക്കാൻ രാഹുലിന് കഴിയുമോയെന്നതാണ് ആകാംഷ. കടുത്ത സിപിഎം വിരോധിയാണ് രാഹുല്‍. മുഖ്യമന്ത്രി പിണറായി വിജയനെ, വിജയാ എന്നാണ് രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് സിപിഎം അനുഭാവികള്‍ വോട്ട് ചെയ്യുമോയെന്നതും ചോദ്യം.
മറുവശത്ത്, സരിനേക്കാള്‍ മികച്ച സ്ഥാനാർഥിയില്ലെന്നാണ് ഇടതിന്റെ നിലപാട്. പക്ഷേ, സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കേണ്ടതുണ്ട് സിപിഎമ്മന്. എഡിഎമ്മിന്റെ ആത്മഹത്യ വരെ എത്തി നില്‍ക്കുന്നു പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍. പക്ഷേ, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാലക്കാട് മണ്ഡലത്തില്‍ നഷ്ടപ്പെടാനൊന്നുമില്ല. സിപിഎമ്മിന്റെ വോട്ടുകളും സരിൻ അനുകൂല വോട്ടുകളും കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയും മുതലെടുക്കാനായാല്‍ നില മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കും. ഇനിയിപ്പോള്‍ ജയമാണെങ്കില്‍ തന്നെ അത് വലിയ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാണിക്കാൻ സിപിഎം മടിക്കുകയുമില്ല.
പ്രതീക്ഷിച്ചതുപോലെ ബിജെപി സ്ഥാനാർഥിയായി എത്തിയത് മുൻനഗരസഭാ ഉപാധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണകുമാറാണ്. പാലക്കാട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടുവിഹിതം വർധിപ്പിക്കാൻ സി കൃഷ്ണകുമാറിനായിരുന്നു. പാലാക്കാട്ടുകാരനെന്ന ആനുകൂല്യം കൃഷ്ണകുമാറിനുണ്ട്. പക്ഷേ, പാലാക്കാടിലെ അണികള്‍ക്ക് ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. സംസ്ഥാന നേതൃത്വം ഇത് തള്ളുകയായിരുന്നെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തുതന്നെ കൃഷ്ണകുമാറിനോടുള്ള താല്‍പ്പര്യക്കുറവ് അണികളില്‍ വ്യക്തമായിരുന്നെന്നാണ് പ്രാദേശികതലത്തില്‍നിന്ന് ലഭിക്കുന്ന വിവരം.