പരിശോധന നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്; പാലക്കാട് കള്ളപ്പണ വിവാദം കനക്കുന്നു
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കെ പുതിയ വിവാദത്തിന് തുടക്കമിട്ട പോലീസ് പരിശോധനയില്‍ നടപടികള്‍ രണ്ടാം ഘട്ടത്തിലേക്ക്. കള്ളപ്പണം ആരോപിച്ച് ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പോലീസ് പരിശോധന നടത്തിയ കെപിഎം റീജിയന്‍സി ഹോട്ടലില്‍ വീണ്ടും പരിശോധന. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പാലക്കാട് പോലീസ് പുതിയതായി പരിശോധിക്കുന്നത്. ടൗണ്‍ സൗത്ത് പോലീസ് സിഐയുടെ നേതൃത്വത്തിലാണ് പരിശോധന.
ഇതിനിടെ ഹോട്ടലില്‍ കൃത്യമായ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഔദ്യോഗികമായി പരാതി നല്‍കി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എസ് പി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്. ഹോട്ടലിലെ മുഴുവന്‍ മുറികളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം എന്നാണ് സിപിഎം ആവശ്യം.
പാലക്കാട്ടെ പോലീസ് നടപടി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ച് സംഘര്‍ശഷത്തില്‍ കലാശിച്ചിരുന്നു. പോലീസും പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. കോട്ടമൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി., കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എം.പി. തുടങ്ങിയവരടക്കം സംസാരിച്ചു. തുടര്‍ന്ന് നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. പോലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പോലീസ് നടപടിയില്‍ നേതാക്കള്‍ തമ്മിലുള്ള വാക്ക് പോര് പുരോഗമിക്കുകയാണ്. പോലീസ് നടപടി തടഞ്ഞ കോണ്‍ഗ്രസ് നടപടി എന്തോ ഒളിക്കാന്‍ ഉള്ളതുകൊണ്ടാണെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആരോപിച്ചു.
പടുകുഴിയില്‍ വീണ കോണ്‍ഗ്രസ് പിടിച്ചുകയറാനുള്ള കച്ചിത്തുരുമ്പായി പാലക്കാട് ഹോട്ടലില്‍ നടന്ന പരിശോധനയെ വളച്ചൊടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. ഹോട്ടലില്‍ പണം സംഭരിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തി. തിരഞ്ഞെടുപ്പ് കാലത്ത് പരിശോധനകള്‍ നടത്തുന്നത് സ്വാഭാവിക നടപടി മാത്രമാണമെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് കെപിഎം റീജിയന്‍സിയില്‍ പരിശോധനക്കെത്തിയ പോലീസ് സംഘം സിപിഎം നേതാക്കളായ ടി വി രാജേഷ്, വിജിന്‍, എം വി നികേഷ് കുമാര്‍ തുടങ്ങിയവരുടെ മുറിയും പരിശോധിച്ചിരുന്നു. എന്നാല്‍ അവര്‍ പൂര്‍ണമായും സഹകരിച്ചപ്പോള്‍ കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്തത് എന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു.