പാലക്കാട് പാതിരാനാടകം, കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന, കുഴല്‍പ്പണമെത്തിയെന്ന് ആരോപണം

പാലക്കാട് പാതിരാനാടകം, കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് പരിശോധന, കുഴല്‍പ്പണമെത്തിയെന്ന് ആരോപണം

പാലക്കാട് നഗരമധ്യത്തിലെ കെപിഎം റീജന്‍സിയില്‍ ആയിരുന്നു പരിശോധന,
Updated on
1 min read

നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ രാഷ്ട്രീയ പോരിന് വഴിതുറന്ന് പോലീസ് പരിശോധന. പാലക്കാട് ക്യാപ് ചെയ്തു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി പോലീസ് സംഘം നടത്തിയ പരിശോധനയാണ് രാഷ്ട്രീയ പോരിനും സംഘര്‍ഷത്തിനും വഴിവച്ചത്. പാലക്കാട്ടേയ്ക്ക് കുഴല്‍പണം എത്തിച്ചെന്ന എല്‍ഡിഎഫ് പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. പാലക്കാട് നഗരമധ്യത്തിലെ കെപിഎം റീജന്‍സിയില്‍ ആയിരുന്നു പരിശോധന,

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് നടപടിയാണെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എ.എസ്.പി. അശ്വതി ജിജി വ്യക്തമാക്കുമ്പോഴും വിഷയം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിടുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളിലും പരിശോധന നടത്തി. പാതിരാത്രി മുറിയില്‍ ആതിക്രമിച്ച് കയറിയ പോലീസ് നടപടി സ്ത്രീകളെ അപമാനിക്കുന്ന നിലയിലാണെന്ന് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആരോപിച്ചു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസ്സിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വച്ചുള്ള പരിശോധന ഗൂഢാലോചനയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് നടന്ന വൃത്തികെട്ട നടപടിയാണ് പാലക്കാട് ഉണ്ടായതെന്ന് ഷാഫി പറമ്പില്‍ എംപി ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതില്‍ പണംകൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താന്‍ ശ്രമം നടന്നെന്നും എ.എ. റഹീം എം.പി ആരോപിച്ചു. പണം എത്തിച്ചെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും, മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് പണം ഹോട്ടലിന്‍ നിന്ന് മാറ്റിയെന്നും നേതാക്കള്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പണം എത്തിച്ചെന്ന് ബിജെപി നേതാക്കളും ആരോപിച്ചു. സ്യൂട് കേസുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് എത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in