ട്രോളി ബാഗിലേക്ക് ചുരുങ്ങിയ പാലക്കാട്; വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും, പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി

ട്രോളി ബാഗിലേക്ക് ചുരുങ്ങിയ പാലക്കാട്; വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും, പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി

കള്ളപ്പണം എത്തിച്ചെന്ന സംശയത്തിലായിരുന്നു നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയത് എന്നാണ് പോലീസ് നടപടികള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം
Updated on
1 min read

ഒരു ട്രോളി ബാഗിലേക്ക് ചുരുങ്ങി പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകള്‍. മുന്ന് മുന്നണികളും വിജയ പ്രതീക്ഷ പങ്കുവച്ച് കളം പിടിക്കാനിറങ്ങിയ പാലക്കാടാണ് ചര്‍ച്ചകള്‍ രാഷ്ട്രയത്തിന് അപ്പുറത്ത് വിവാദങ്ങളിലേക്ക് ചുരുങ്ങുന്നത്. നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട് നഗരത്തിലെ കെപിഎം റീജിയന്‍സി എന്ന ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനകളാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകള്‍ പാടെ മാറ്റിയത്.

കള്ളപ്പണം എത്തിച്ചെന്ന സംശയത്തിലായിരുന്നു നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയത് എന്നാണ് പോലീസ് നടപടികള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം. പരിശോധനയില്‍ ഒന്നും കണ്ടൈത്തിയില്ലെന്നും പോലീസ് എഴുതി നല്‍കി. പിന്നീടാണ് കോണ്‍ഗ്രസ് നേതാക്കള്‍ കയ്യില്‍ കരുതിയിരുന്ന നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ സജീവമായത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കായി താന്‍ കരുതിയ വസ്ത്രങ്ങളാണ് വിവാദ ട്രോളി ബാഗിലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിക്കുമ്പോള്‍സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രങ്ങള്‍ ബാഗിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ശക്തമാക്കുകയാണ് സിപിഎം.

കോഴിക്കോട്ടേക്ക് രാഹുല്‍ പുറപ്പെട്ട കാറില്‍ അല്ല വിവാദ ബാഗ് കയറ്റിയത് എന്നതാണ് ഇതിലെ ഏറ്റവും ഒടുവിലെ സിസിടിവി ദൃശ്യം. ഇത് പ്രതിരോധിക്കാന്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണ് എന്നും ഹ്രസ്വ ചര്‍ച്ചയ്ക്ക് ശേഷം നഗരത്തില്‍ വച്ച് തന്നെ കാര്‍ മാറിക്കയറിയെന്നും വിശദീകരിച്ചു. കോഴിക്കോട് താന്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും രാഹുല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു. ഇക്കാര്യം തെളിയിക്കാന്‍ തന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാം എന്നും രാഹുല്‍ പറയുന്നു. സംശയം ദൂരീകരിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും രാഹുല്‍ പറയുന്നു.

ട്രോളി ബാഗിലേക്ക് ചുരുങ്ങിയ പാലക്കാട്; വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും, പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി
'മാധ്യമങ്ങളെ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാനാകില്ല', മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി

അതിനിടെ, പാലക്കാട്ടെ കുഴല്‍പ്പണ ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ല കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശത്തില്‍ ഉള്ളത്.

പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് പാളയത്തിലെ പടയാണ് വെല്ലുവിളിയാകുന്നത്. നേതൃത്വത്തിന് എതിരെ പരസ്യമായി പോരിനിറങ്ങിയ സന്ദീപ് വാര്യരുടെ നിലപാടാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ് എസ് നേതൃത്വം ഇടപെട്ട് നടത്തിയ നീക്കവും പരാജയപ്പെട്ടതോടെ ഏത് നിമിഷവും ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന നിലയിലാണ് മണ്ഡലത്തിലെ ബിജെപി.

പ്രശ്‌നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ സന്ദീപ് വാര്യരോട് നിര്‍ദേശിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കാണെന്ന സൂചന ശക്തമാക്കുകയാണ് സന്ദീപ് വാര്യര്‍. സന്ദീപ് സമ്മര്‍ദം ശക്തമാക്കിയാല്‍ തിരഞ്ഞെടുപ്പ് തീരുംമുന്‍പെതന്നെ അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

logo
The Fourth
www.thefourthnews.in