ജില്ലാ നേതൃത്വത്തിനെതിരെ കെ ഇ ഇസ്മയിൽ വിഭാഗം; പാലക്കാട് സിപിഐയില്‍ കൂട്ടരാജി

ജില്ലാ നേതൃത്വത്തിനെതിരെ കെ ഇ ഇസ്മയിൽ വിഭാഗം; പാലക്കാട് സിപിഐയില്‍ കൂട്ടരാജി

മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാരാണ് ഇന്നലെ രാജി സമര്‍പ്പിച്ചത്
Updated on
1 min read

പാലക്കാട് സിപിഐയില്‍ ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് കെ ഇ ഇസ്മയില്‍ വിഭാഗത്തിലെ കൂടുതല്‍പേര്‍ രാജിവച്ചു. മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാരാണ് ഇന്നലെ രാജി സമര്‍പ്പിച്ചത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

മണ്ണാര്‍ക്കാട് മേഖലയില്‍ തെങ്കരയിലും കുമരംപുത്തൂരുമാണ് കൂടുതല്‍പേര്‍ രാജിവച്ചത്. നെന്മാറയില്‍ മണ്ഡലം സെക്രട്ടറിയായിരുന്ന എം ആര്‍ നാരായണനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. സമാന്തര യോഗം വിളിച്ചാണ് പ്രാദേശിക നേതാക്കള്‍ പ്രതിഷേധിച്ചത്. നടപടി നേരിട്ട മുഹമ്മദ് മുഹ്സിന്‍ ജില്ലാ കൗണ്‍സില്‍ സ്ഥാനം രാജിവച്ചത് പാര്‍ട്ടിയില്‍ വലിയ കലാപത്തിന് കാരണമായിട്ടുണ്ട്.

അഴിമതിക്കാരെ സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് പ്രവര്‍ത്തകർ

കെ പി സുരേഷ് രാജിനെ നാലാമതും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് സിപിഐയുടെ പാലക്കാട്ടെ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായത്. സമ്മേളനത്തില്‍ സുരേഷ് രാജിനെതിരെ ഇസ്മയില്‍ പക്ഷമായ മണികണ്ഠന്‍ പാലോട് മത്സരിച്ചെങ്കിലും കാനം പക്ഷത്തിന് മേല്‍ക്കൈയുള്ള ജില്ലാ കൗണ്‍സിലില്‍ സുരേഷ് രാജിന് തന്നെയായിരുന്നു വിജയം. 50 അംഗ ജില്ലാ കൗണ്‍സിലില്‍ 45 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നു. ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനലിനെതിരെ 15 പേരാണ് മത്സരിച്ചത്. ഇതില്‍ നാലുപേര്‍ ജയിച്ചു.

തുടര്‍ച്ചയായി മൂന്നുതവണ സെക്രട്ടറിയായവരെ മാറ്റി നിര്‍ത്തണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സുരേഷ് രാജ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞിരുന്നു. അതുകൊണ്ട് മൂന്നാം ടേം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക വിഭാഗം സുരേഷ് രാജിനെ വീണ്ടും സെക്രട്ടറിയാക്കിയത്. എന്നാല്‍ സുരേഷ് രാജിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മുഹമ്മദ് മുഹ്സിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്ത് വരികയായിരുന്നു.

ജില്ലാ നേതൃത്വത്തിനെതിരെ കെ ഇ ഇസ്മയിൽ വിഭാഗം; പാലക്കാട് സിപിഐയില്‍ കൂട്ടരാജി
പാലക്കാട് സിപിഐയിൽ വിഭാഗീയത; പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ജില്ലാ കൗൺസിലിൽനിന്ന് രാജിവച്ചു

ജില്ലാസമ്മേളനത്തില്‍ വിഭാഗീയതയുണ്ടായെന്ന് കണ്ടെത്തിയത് ജില്ലാനേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷനാണ്. മുന്‍ ജില്ലാസെക്രട്ടറി ടി സിദ്ധാര്‍ഥന്‍ കണ്‍വീനറായ കമ്മറ്റിയാണ് അന്വേഷണം നടത്തിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാനേതൃത്വം 22 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മുഹമ്മദ് മുഹ്സിന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് നല്‍കി. തുടര്‍ന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. പട്ടാമ്പി, മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, ആലത്തൂര്‍ മണ്ഡലം കമ്മറ്റികളില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്.

മുഹ്സിന്‍ പട്ടാമ്പിയിലെ സിപിഎം നേതൃത്വം പറയുന്നതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

logo
The Fourth
www.thefourthnews.in