ഷാജഹാന്‍
ഷാജഹാന്‍

പാലക്കാട് ഷാജഹാന്‍ കൊലക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല
Updated on
1 min read

പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നാല് സിഐമാരും മൂന്ന് എസ്ഐമാരും സംഘത്തിലുണ്ട്.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അനീഷ്, ശബരീഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കൃത്യം നടത്തിയവരെയെല്ലാം തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഷാജഹാന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ഷാജഹാന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കേസിന്റെ അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട് മരുതറോഡ് ലോക്കല്‍കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ ഇന്നലെ രാത്രിയാണ് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പത്തോളം ആളുകള്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ ശബരി, അനീഷ് എന്നീ രണ്ടുപേരാണ് ഷാജഹാനെ വെട്ടിയതെന്നും സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുരേഷ് പറഞ്ഞു.

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആര്‍. കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ ഷാജഹാന്‍ അമിതമായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു.

ഇതിനിടെ, സിപിഎമ്മുകാരാണ് കൊലപാതകം നടത്തിയതെന്നും എല്ലാം ബിജെപിയുടെ തലയില്‍ വെയ്ക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. നിഷ്ഠൂരമായി കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടുംക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in