ഏകീകൃത സിവില്‍കോഡ് ഭരണഘടനയ്‌ക്കെതിര്, വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും: പാളയം ഇമാം
ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏകീകൃത സിവില്‍കോഡ് ഭരണഘടനയ്ക്ക് എതിരാണെന്നും ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാം നിലപാട് വ്യക്തമാക്കിയത്.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ഏക സിവില്‍ കോഡിനെ ഒരുമിച്ചുനിന്ന് എതിര്‍ക്കണം. മണിപ്പൂരില്‍ വലിയ കലാപം നടക്കുകയാണിപ്പോള്‍. ധ്രുവീകരണ രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കുമെന്നാണ് മണിപ്പൂര്‍ തെളിയിക്കുന്നതെന്നും ഇമാം പറഞ്ഞു.
കേരള സ്റ്റോറിക്കെതിരെയും അദ്ദേഹം വിമർശനമുയർത്തി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നാടിന്റെ സാഹോദര്യം തകര്‍ക്കാന്‍ മാത്രമേ ഇതു ഉപകരിക്കൂ. ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാനാണ് ശ്രമം. സൗഹൃദത്തിന്റെ കേരള സ്റ്റോറികള്‍ എത്രയോ വേറെയുണ്ട്. സൗഹൃദങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയെയും കഴുകന്മാരെയും അനുവദിക്കരുത്. തീവ്രവാദത്തെ ആരും അനുകൂലിക്കുന്നില്ല. ഇക്കാര്യം മുസ്ലീം പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പിക്കെതിരെയും ഇമാം വിമര്‍ശനമുയര്‍ത്തി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതുതലമുറ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കണമെന്നും സുഹൈബ് മൗലവി പറഞ്ഞു.