അതിപുരാതന താളിയോല രേഖകള്‍ അടങ്ങിയ പുരാരേഖ വകുപ്പിന്റെ 'താളിയോല രേഖാ മ്യൂസിയം' തലസ്ഥാന നഗരിയില്‍ ഒരുങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് ഫോര്‍ട്ടിലാണ് മ്യൂസിയം സജീകരിച്ചിരിക്കുന്നത്. എട്ട് ഗാലറികളിലായിട്ടാണ് താളിയോലകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ എഴുത്ത് ലിപികള്‍, 300 വര്‍ഷം പഴക്കമുള്ള ആര്‍ക്കൈവ്‌സ് കെട്ടിടത്തിന്റെ ചരിത്രം, ഭൂമി ഇടപാടുകള്‍, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സ്ത്രീശാക്തീകരണം, ഭരണസംവിധാനം, സ്‌കൂള്‍ ആരംഭം, മതിലകം രേഖകള്‍ എന്നിങ്ങനെയാണ് ഗാലറികള്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാന താളിയോല രേഖകളില്‍ 180 വര്‍ഷം മുമ്പ് ആശുപത്രിക്കായി പണം നീക്കിവെച്ച ഭരണാധികാരിയുടെ ഉത്തരവ്. 150 വര്‍ഷം മുന്‍പ് ഇംഗ്ലീഷ് വിഭാഗത്തിനായി പണം മാറ്റിവെച്ച ഉത്തരവ്. ബംഗാള്‍ ക്ഷാമകാലത്ത് തിരുവിതാംകൂറില്‍ നിന്ന് ധനസഹായം നല്‍കിയതിന്റെ രേഖകളും മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെടുന്നു.
കൊല്ലവര്‍ഷം 984 ലെ വേലുത്തമ്പി ദളവയുടെ തിരോധാനം. കൊല്ലവര്‍ഷം 1060 ല്‍ രാജ്യത്തെ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന അതിപ്രാധാന്യമുള്ള അനവധി അപൂര്‍വ്വ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടിയില്‍ എട്ട് ഗാലറികളില്‍ ആയിട്ടാണ് താളിയോല രേഖാ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.