പ്രസംഗം മന്ത്രിസ്ഥാനം തെറിപ്പിച്ച നേതാവ്; ബാലകൃഷ്ണപ്പിള്ളയ്ക്ക് സംഭവിച്ചത്
വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവായിരുന്നു കേരള കോൺഗ്രസ് സ്ഥാപകരിലൊരാളായ ആർ ബാലകൃഷ്ണപിള്ള. പാലക്കാടിന് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നുബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം.
"കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് (പഞ്ചാബിൽ നിന്നുള്ള കേന്ദ്രമന്ത്രിസഭാംഗം)പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം"
1985 ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദ പരാമര്‍ശം. ഈ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡല്‍ എന്നറിയപ്പെട്ടത്.
പ്രസംഗം അടുത്ത ദിവസം പത്രത്തില്‍ അച്ചടിച്ചുവന്നതോടെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. അന്ന് ജി കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് വരെ മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതിയിലെത്തി. പ്രതിഷേധം കലാപാഹ്വാനത്തോളം എത്തിയതോടെ കെ. കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയുടെ മന്ത്രിസ്ഥാനം തെറിച്ചു.
പഞ്ചാബില്‍ വിഘടനവാദം കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനായിട്ടാണ് രാജീവ് ഗാന്ധി ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതെന്ന വിശ്വാസത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം . പരാമര്‍ശം രാജ്യദ്രോഹക്കുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞാണ് കെ കരുണാകരന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.
താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു പിളളയുടെ വാദം. ടെലിവിഷന്‍ ചാനലുകള്‍ ഇല്ലാതിരുന്ന കാലമായതിനാല്‍ പിള്ള പറഞ്ഞത് സമ്മേളനത്തില്‍ പങ്കെടുത്തവരല്ലാതെ വേറെ ആരും കേട്ടതുമില്ല. എന്തായാലും കേരളത്തില്‍ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആദ്യ നേതാവായി ബാലകൃഷ്ണപിള്ള.