പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു, പരിഭ്രാന്തി വേണ്ടെന്ന് റവന്യൂമന്ത്രി

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു, പരിഭ്രാന്തി വേണ്ടെന്ന് റവന്യൂമന്ത്രി

പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു
Updated on
1 min read

സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നു. മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാണ് തകര്‍ന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിനിടെയാണ് മധ്യഭാഗത്തെ ഷട്ടര്‍ തകര്‍ന്നത്. 25 അടി ഉയരമുള്ള ഷട്ടറാണിത്. ഇതോടെ സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളം പുറത്തേക്കൊഴുകുകയാണ്.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും തീരപ്രദേശത്തുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകണമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

പറമ്പിക്കുളത്ത് നിന്ന് വെള്ളം ഒഴുകി എത്തിയതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളും ഉയര്‍ത്തിയതായി റവന്യൂമന്ത്രി അറിയിച്ചു. രണ്ട് സ്ലൂയിസ് ഗേറ്റുകളും തുറന്നു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 3 മുതൽ 4.5 മീറ്റർ വരെ ക്രമീകരിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തമിഴ്നാടിന്റെ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പറമ്പിക്കുളം ഡാമിലെത്തി പരിശോധന നടത്തുകയാണ്. വെള്ളത്തിന്റെ അമിത പ്രവാഹത്തിനെ തുടർന്ന് പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു.

logo
The Fourth
www.thefourthnews.in