പാലം ഉടന്‍ വരുമെന്ന് വനംവകുപ്പ്; പുറംലോകം കാണാമെന്ന പ്രതീക്ഷയില്‍ ഒറവമ്പാടി ഊര്
പറമ്പിക്കുളം ഒറവമ്പാടി ആദിവാസി ഊരിലേക്കുള്ള തകര്‍ന്ന് കിടക്കുന്ന പാലം പുനര്‍നിര്‍മിക്കുമെന്ന് വനംവകുപ്പിന്‌റെ ഉറപ്പ്. പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പദ്ധതിക്കായി വനംവകുപ്പ് 23 ലക്ഷം രൂപ നേരത്തെ തന്നെ അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കോണ്‍ട്രാക്റ്റര്‍മാര്‍ തയ്യാറാകാതിരുന്നതാണ് വെല്ലുവിളിയായത്. ഈ പ്രതിസന്ധി പരിഹരിച്ച് പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറപ്പാണ് ഊര് നിവാസികള്‍ക്ക് വനംവകുപ്പ് നല്‍കുന്നത്.
2018ലെ പ്രളയത്തിലാണ് പറമ്പിക്കുളം ഒറവമ്പാടി ആദിവാസി ഊരിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായിരുന്ന പാലം തകര്‍ന്നത്. മുപ്പതോളം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക ആശ്രയമായിരുന്നു ഈപാലം. കഴിഞ്ഞദിവസം രോഗബാധിതയായ വീട്ടമ്മയെ കിലോമീറ്ററുകളോളം മുളമഞ്ചത്തില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചതോടെയാണ് കോളനിയിലെ ദുരിത ജീവിതം പുറംലോകത്ത് ചര്‍ച്ചയാകുന്നത്. ഉള്‍ വനത്തിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് പുഴ കടന്നാണ് ഊര് നിവാസിയായ കാളിയെ ആശുപത്രിയിലെത്തിച്ചത്. മുപ്പതംഗ സംഘമാണ് വീട്ടമ്മയെ ചുമന്ന് സാഹസികമായി പുഴ കടത്തിയത്. യാത്രയ്ക്കിടെ ഇവരെ ഒറ്റയാന്‍ പിന്തുടര്‍ന്ന് ആക്രമിക്കാനും ശ്രമിച്ചു.
പാലം തകര്‍ന്നതോടെ ഒറവമ്പാടിയില്‍ തുടങ്ങിവച്ച 26 വീടുകളുടെ നിര്‍മാണത്തേയും പ്രതികൂലമായി ബാധിച്ചു. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നത് വെല്ലുവിളിയായതോടെയാണ് വീടുപണികള്‍ പാതിവഴിയിലായത്. പാലമില്ലാത്തതിനാല്‍ ഊരിലെ കുടുംബങ്ങള്‍ക്ക് റേഷന്‍ കടയില്‍ നിന്നുള്ള അരി എത്തിക്കുന്നത് പോലും വളരെ ബുദ്ധിമുട്ടിയായിരുന്നു.