തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; തൃശൂരില്‍ ചുവരെഴുത്തും പോസ്റ്ററും, കളം നിറഞ്ഞ് 'സ്ഥാനാര്‍ഥികള്‍'

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; തൃശൂരില്‍ ചുവരെഴുത്തും പോസ്റ്ററും, കളം നിറഞ്ഞ് 'സ്ഥാനാര്‍ഥികള്‍'

തിരഞ്ഞെടുപ്പു പോലും പ്രഖ്യാപിക്കാതെ മൂന്നു സ്ഥാനാര്‍ഥികളും ഉറപ്പിച്ച് രംഗത്തിറങ്ങുന്ന അപൂര്‍വ കാഴ്ച ഇത്തണ തൃശൂരില്‍ മാത്രമാണ് കാണാന്‍ സാധിക്കുക
Updated on
5 min read

തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടക്കുന്നതേയുള്ളു. പക്ഷേ, തൃശൂരിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോള്‍തന്നെ തിളച്ചുമറിയുകയാണ്. മൂന്നു മുന്നണികളും 'സ്ഥാനാര്‍ഥികളെ തീരുമാനിച്ച്' മുന്നോട്ടുപോകുന്ന ഒരേയൊരു മണ്ഡലം തൃശൂരാണ്.

താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന ധാരണ നല്‍കി സുരേഷ് ഗോപി ആദ്യം മുതല്‍തന്നെ രംഗത്തുണ്ട്. വിഎസ് സുനില്‍കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ടിഎന്‍ പ്രതാപന് ഒരവസരം കൂടി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോഴേക്കും മൂന്നു മുന്നണികളും പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടുണ്ടാകും. ചില മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥിയെ ഉറപ്പിച്ച് അപ്രഖ്യാപിത പ്രചാരണങ്ങള്‍ നടത്തുന്നത് നേരത്തേയും കേരള രാഷ്ട്രീയം കണ്ടിട്ടുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പു പോലും പ്രഖ്യാപിക്കാതെ മൂന്നു സ്ഥാനാര്‍ഥികളും ഉറപ്പിച്ച് രംഗത്തിറങ്ങുന്ന അപൂര്‍വ കാഴ്ച ഇത്തണ തൃശൂരില്‍ മാത്രമാണ് കാണാന്‍ സാധിക്കുക.

ചുവരെഴുത്തുകളും സമൂഹ മാധ്യമ പ്രചാരണങ്ങളും ആരംഭിച്ചിരിക്കുകയാണ് പാര്‍ട്ടികള്‍. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ചുവരെഴുത്തു പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ടിഎന്‍ പ്രതാപന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. 'പ്രതാപന്‍ തുടരും പ്രതാപത്തോടെ, നമ്മുട പ്രതാപനെ വിജയിപ്പിക്കുക' എന്നിങ്ങനെയാണ് എളവള്ളിയില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളില്‍ പറയുന്നത്. നേരത്തെ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് പ്രതാപന്‍ ഇടപെട്ട് മായ്‌ച്ചെങ്കിലും രണ്ടാമത്തെ ചുവരെഴുത്തുകളോട് 'പ്രവര്‍ത്തകരുടെ ആവേശം കൊണ്ട് ചെയ്തതാകാം' എന്ന പ്രതികരണമാണ് പ്രതാപന്റെ ഭാഗത്തുനിന്നുണ്ടായത്. മോദിയുടെ ആദ്യ വരവിന് മുന്‍പാണ് സുരേഷ് ഗോപിയുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

വി എസ് സുനില്‍കുമാറിന് വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം സജീവമാണ്. 'സുനിലേട്ടന് ഒരു വോട്ട്' എന്ന വാചകത്തോടെ 2016-ലെ തിരഞ്ഞെടുപ്പ് സമയത്തെ പോസ്റ്റര്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നുണ്ട്. എന്നാല്‍, 'എല്ലാം പാര്‍ട്ടി തീരുമാനിക്കും' എന്ന മറുപടിയാണ് സുനില്‍കുമാറില്‍ നിന്നുണ്ടായത്. ഞങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയറിയാത്തവരാണ് പ്രചാരണത്തിന് പിന്നിലെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; തൃശൂരില്‍ ചുവരെഴുത്തും പോസ്റ്ററും, കളം നിറഞ്ഞ് 'സ്ഥാനാര്‍ഥികള്‍'
എക്സാലോജിക്ക് അഴിമതിപ്പണം വെളുപ്പിക്കാനുള്ള ഷെല്‍ കമ്പനിയോ? ആർഒസിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സിഎംആർഎല്‍, ദുരൂഹത

മോദിവന്നു, പ്രചാരണം കൊഴുപ്പിച്ച് സുരേഷ് ഗോപി

രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയത്. രണ്ടുവരവും സുരേഷ് ഗോപിക്ക് വേണ്ടി. ആദ്യത്തേത് മഹിളാ മോര്‍ച്ച സംഘടിപ്പിച്ച 'വനിതാ ശക്തി മോദിക്കൊപ്പം' എന്ന പരിപാടി ആയിരുന്നെങ്കിലും സുരേഷ് ഗോപിക്കൊപ്പം മോദി നടത്തിയ റോഡ് ഷോ എല്ലാം വ്യക്തമാക്കുന്നതായിരുന്നു. തൃശൂരുകാരോട് മോദി പറയാതെ പറഞ്ഞു; ഇതാ ബിജെപി സ്ഥാനാര്‍ഥി. രണ്ടാമത്തെ വരവില്‍ മോദി ആ പ്രഖ്യപനം അടിവരയിട്ട് ഉറപ്പിച്ചു. സുരേഷ് ഗോപിയുടെ മകളുട വിവാഹത്തില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും നടത്തി മടക്കം.

സുരേഷ് ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും രണ്ടുതട്ടിലാണെങ്കിലും മോദിയുടെയാള്‍ സുരേഷ് ഗോപിതന്നെ. ആ ഉറപ്പിന്‍മേലാണ്, സുരേഷ് ഗോപി നേരത്തെ കളംപിടിക്കുന്നതും. തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രനേതൃത്വം നേരിട്ടാണ് നടത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്കായിട്ടുണ്ട്. ഏതുവിധേനയും സുരേഷ് ഗോപിയെ വിജയിപ്പിച്ച് കേരളത്തില്‍ ഒരു സീറ്റ് ഉറപ്പിക്കുക എന്നതാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ തൃശൂര്‍ പിടിക്കല്‍ സുരേഷ് ഗോപിക്ക് അത്ര എളുപ്പമല്ല. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സിപിഐയും കോണ്‍ഗ്രസും ശക്തമായാണ് രംഗത്തിറങ്ങുന്നത്.

'സുനിലേട്ടന് ഒരു വോട്ട്'

ഇത്തവണത്തെ തിരഞ്ഞെടുപ്പ് സിപിഐയ്ക്ക് ജീവന്‍ മരണ പോരാട്ടമണ്. അതിനുവേണ്ടി സിപിഐ കണ്ടെത്തിയിരിക്കുന്നത് തൃശൂരിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായ വിഎസ് സുനില്‍കുമാറിനേയും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുനില്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് വലിയ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, മൂന്നുവട്ടം മത്സരിച്ചവര്‍ക്ക് ഇളവില്ലെന്ന് പാര്‍ട്ടി കണിശമായി പറഞ്ഞതോടെ സുനില്‍കുമാറിന്റെ മുന്നിലെ വാതിലടഞ്ഞു.

എന്നാല്‍, പാര്‍ട്ടിയോട് കലഹിക്കാതെ കൂട്ടുകാരനുവേണ്ടി തൃശൂരില്‍ പ്രചാരണത്തിനിറങ്ങുകയണ് സുനില്‍കുമാര്‍ ചെയ്തത്. പി ബാലചന്ദ്രനെ 'സ്വന്തം സ്ഥാനാര്‍ഥി' എന്ന നിലയില്‍ കൊണ്ടുനടന്ന് ഓരോ വീട്ടിലും കയറിഇറങ്ങി വോട്ടുറപ്പിച്ചു. പി ബാലചന്ദ്രന്റെ മുഴുവന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രം കൂടി പ്രചാരണ പോസ്റ്ററുകളില്‍ ഇടംപിടിച്ചു, അന്തിക്കാട്ടുകാരന്‍ വിഎസ് സുനില്‍കുമാര്‍.

2006-ല്‍ ചേര്‍പ്പ് മണ്ഡലത്തില്‍ നിന്നാണ് വിഎസ് സുനില്‍കുമാര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. സിഎംപിയുടെ എംകെ കണ്ണനെ പരാജയപ്പെടുത്തിയായിരുന്നു തുടക്കം. 2011-ല്‍ കൈപ്പമംഗലത്തുനിന്ന് ജെഎസ്എസിന്റെ ഉമേഷ് ചള്ളിയിലിനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി. തൃശൂല്‍ നിന്ന് പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ചുള്ള മൂന്നാംവരവില്‍ മന്ത്രിയുമായി. കേരള വര്‍മ കോളേജിലെ എഐഎസ്എഫുകാരനായി തുടങ്ങിയ സുനില്‍കുമാര്‍ തൃശൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ്.

ഇതെല്ലാമാണെങ്കിലും കാനം രാജേന്രുമായുള്ള അഭിപ്രായ ഭിന്നതകള്‍ സുനില്‍കുമാറിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലില്‍ എടുക്കാനുള്ള നീക്കവും കാനം പക്ഷം ഇടപെട്ട് വെട്ടി. എന്നാല്‍, കാനം രാജേന്ദ്രനുമായി വെടിനിര്‍ത്തലിലെത്തിയ സുനില്‍കുമാര്‍, അദ്ദേഹം മരിക്കുന്നതിന് മുന്‍പുതന്നെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.

സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും സുനില്‍കുമാര്‍ നല്ല ബന്ധത്തിലാണ്. തൃശൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള സഭാ നേതൃത്വങ്ങളുമായും സുനിലിന് നല്ല ബന്ധമുണ്ട്. തൃശൂര്‍ പൂരം നടത്തിയും പള്ളിപ്പെരുന്നാളില്‍ പങ്കെടുത്തും കൃഷി നടത്തിയും കളം പിടിച്ചുനില്‍ക്കുന്ന സുനില്‍കുമാറിലൂടെ മണ്ഡലം തരിച്ചുപിടിക്കാമെന്നുള്ള ഉറച്ചവിശ്വാസം ഇടതു പ്രവര്‍ത്തകര്‍ക്കുണ്ട്. അതിന്റെ ആവേശമാണ് ഇപ്പോള്‍ കാണുന്നതും.

'പ്രതാപന്റെ പ്രതാപം'

മറുവശത്ത് ടിഎന്‍ പ്രതാപന്‍ കച്ചമുറുക്കിയാണ് ഇറങ്ങിയിരിക്കുന്നത്. മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രസ്താവന ആദ്യമേ ഇറക്കി ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കാന്‍ പ്രതാപനായി. തൃശൂര്‍ സ്വദേശിയെന്ന വികാരം ഉണര്‍ത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി എന്‍ പ്രതാപന്‍ മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിച്ചത്. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തിയ ടി എന്‍ പ്രതാപന് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ തോറ്റ ശീലമില്ല. ഈ നാലു തിരഞ്ഞെടുപ്പുകളിലും തോല്‍പ്പിച്ചത് സിപിഐ സ്ഥാനാര്‍ഥികളെയാണെന്ന രാഷ്ട്രീയ കൗതുകവും ടി എന്‍ പ്രതാപനെ സംബന്ധിച്ചുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; തൃശൂരില്‍ ചുവരെഴുത്തും പോസ്റ്ററും, കളം നിറഞ്ഞ് 'സ്ഥാനാര്‍ഥികള്‍'
സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുമോ കേരള മോഡല്‍?

മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുപോലെ വിമര്‍ശിക്കുന്ന ടി എന്‍ പ്രതാപന് കോണ്‍ഗ്രിലെ യുവാക്കള്‍ക്കിടയില്‍ ശക്തമായ പിന്തുണയുണ്ട്. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്ന ടി എന്‍ പ്രതാപന്‍, രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ തീപ്പൊരി പ്രയോഗങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലാണ്. 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ തൃശൂര്‍ സ്വന്തമാക്കിയത്. ഇനി മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു ടി എന്‍ പ്രതാപന്‍.

മന്ത്രിസ്ഥാനമാണ് ആഗ്രഹിക്കുന്നതെന്ന് പറയാത പറയുകയാണ് പ്രതാപന്‍ ചെയ്തത്. എംഎല്‍എ ആയിരുന്നപ്പോഴാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാന്‍ പറ്റിയതെന്നും അതുകൊണ്ട് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇത് മുതലെടുത്ത ഇടതുപക്ഷം, വികസന നേട്ടമില്ലാത്തതുകൊണ്ടാണ് വീണ്ടും മത്സരിക്കാന്‍ പ്രതാപന്‍ ധൈര്യം കാണിക്കാത്തതെന്ന പ്രചാരണം അഴിച്ചുവിട്ടു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ നിന്ന് പിന്നോട്ടുപോയ അദ്ദേഹം, താന്‍ വീണ്ടും ഇറങ്ങുമെന്ന് സൂചനകള്‍ നല്‍കുന്ന പ്രതികരണങ്ങള്‍ നടത്താന്‍ തുടങ്ങി. മണ്ഡലത്തിലെ മുസ്ലിം വീഭാഗത്തിനിടയില്‍ വ്യക്തമായ സ്വാധീനം അദ്ദേഹത്തിനുണ്ട്. ഇത് ആയുധമാക്കാനാണ് ബിജെപി തീരുമാനം. അതുകൊണ്ടാണ് ടി എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ബിജെപി കടന്നാക്രമിക്കുന്നതും.

കരുണാകരനേയും മുരളീധരനേയും തോല്‍പ്പിച്ച തൃശൂര്‍

ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമുള്ള മണ്ഡലമാണ് തൃശൂര്‍. 1951 മുതല്‍ നടന്ന പതിനേഴു ലോക്‌സഭ തിരഞ്ഞടുപ്പുകളില്‍ ഏഴു തവണ കോണ്‍ഗ്രസും പത്തുതവണ സിപിഐയും വിജയിച്ചു. എട്ടുതവണ ഇടതുമുന്നണിക്കൊപ്പവും രണ്ടുതവണ കോണ്‍ഗ്രസിനൊപ്പവും നിന്നാണ് സിപിഐ വിജയിച്ചത്. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോഴും വിജയം സിപിഐയ്ക്കായിരുന്നു.

കെ കരുണാകരനേയും മകന്‍ കെ മുരളീധരനേയും തോല്‍പ്പിച്ച ചരിത്രം തൃശൂരിനുണ്ട്. രണ്ടുപേരെയും തോല്‍പ്പിച്ചത് വി വി രാഘവന്‍. 1996-ലെ തിരഞ്ഞെടുപ്പില്‍ 1480 വോട്ടിനാണ് വി വി രാഘവന്‍ കെ കരുണാകരനെ തോല്‍പ്പിച്ചത്. 1998-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ വി വി രാഘവന്‍ 18,409 വോട്ടിന് വീഴ്ത്തി. 1999-ല്‍ എ സി ജോസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2004-ല്‍ സി കെ ചന്ദ്രപ്പനെ രംഗത്തിറക്കി സിപിഐ ചെങ്കൊടി പാറിച്ചു.

2009-ല്‍ പി സി ചാക്കോ വന്നപ്പോള്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. 2014-ല്‍ സി എന്‍ ജയദേവനും കെ പി ധനപാലനും തമ്മിലായിരുന്നു പോരാട്ടം. 38,227 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 2019-ല്‍ സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തില്‍ ത്രികോണമത്സരം ആരംഭിക്കുന്നത്.

കാടിളക്കിയുള്ള പ്രചാരണത്തിന്റെ അവസാനം ഫലം വന്നപ്പോള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടി എന്‍ പ്രതാപന്‍ സിപിഐയുടെ രാജാജി മാത്യു തോമസിനെ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. 4,15,089 വോട്ടാണ് ടി എന്‍ പ്രതാപന് ലഭിച്ചത്. രാജാജി മാത്യു തോമസ് 3,21,456 വോട്ട് നേടി. സുരേഷ് ഗോപിക്ക് കിട്ടിയത് 2,93,822 വോട്ട്. 1,21,267 വോട്ടിന്റെ വ്യത്യാസം ടി എന്‍ പ്രതാപനും സുരേഷ് ഗോപിയും തമ്മിലുണ്ട്. 39.8ശതമാനം വോട്ടാണ് പ്രതാപന് ലഭിച്ചത്. രാജാജിക്ക് 30.9 ശതമാനവും സുരേഷ് ഗോപിക്ക് 28.2 ശതമാനം വോട്ടും ലഭിച്ചു.

2021 നിയമസഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്ത് ഇരിക്കാനായിരുന്നു വിധി. സിപിഐയുടെ പി ബാലചന്ദ്രന്‍ 44,263 വോട്ട് നേടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ 43,317 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. 40,451 വോട്ടു നേടിയ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തി. 31.30 ശതമാനം വോട്ടാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്.

തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട എന്നീ നിയമസഭ മണ്ഡലങ്ങളാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഈ മണ്ഡലങ്ങളെല്ലാം എല്‍ഡിഎഫാണ് എന്നത് ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മണ്ഡലത്തിന് കീഴില്‍ വരുന്ന ഓരേയൊരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 24 വീതം സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമതനായ എം കെ വര്‍ഗീസിനെ മേയറാക്കിയാണ് എല്‍ഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. 6 കൗണ്‍സിലര്‍മാര്‍ ബിജെപിക്കുണ്ട്.

logo
The Fourth
www.thefourthnews.in