ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ
ഛർദിയെത്തുടർന്ന് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ പിതൃസഹോദരി താഹിറയാണ് അറസ്റ്റിലായത്. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് കഴിഞ്ഞദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കുട്ടിയുടെ അച്ഛന്റെ സഹോദരി താഹിറ ഐസ്ക്രീം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയതെന്ന് പിതൃസഹോദരി സമ്മതിച്ചു. ഐസ്ക്രീം അരിക്കുളത്തെ കടയി നിന്നും എലിവിഷം കൊയിലാണ്ടി ടൗണിലെ കടയിൽനിന്നുമാണ് വാങ്ങിയതെന്ന് ഇവർ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. എലിവിഷം ഐസ്ക്രീമിൽ കലർത്തിയ ശേഷം അരിക്കുളത്തെ വീട്ടിലെത്തിയാണ് കുട്ടിക്ക് നൽകിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
കടുത്ത ഛർദി അനുഭവപ്പെട്ട കുട്ടിയെ വീടിനു സമീപമുളള മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലെ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകിയിരുന്നു. ഭേദമാകാത്തതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗം അടക്കമുളള സംഘം അരിക്കുള്ളത്തെ ഐസ് ക്രീം വിറ്റ കടയിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. കട അടപ്പിക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടർന്ന്, കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണമാണ് താഹിറയിലേക്ക് നീങ്ങിയത്. അറസ്റ്റിലായ പ്രതിയെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
അന്വേഷണത്തിന്റെ ഭാഗമായി മൂന്നു ദിവസമായി നിരവധി പേരെയാണ് സംഘം ചോദ്യം ചെയ്തുവന്നിരുന്നത്. കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈ എസ്പി ആർ ഹരിപ്രസാദും സംഘവുമാണ് അന്വേഷണം നടത്തിയത്.