കോന്നിയിലെ കൂട്ട അവധി; ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്ക് പോയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് അനുകൂലമായി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ റിപ്പോർട്ട്. അവധിയെടുത്തതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. അനധികൃതമായി ആരും അവധിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായി തീരുമാനം കൈക്കൊള്ളണമെന്ന പരാമർശം ഉൾപ്പെടുത്തിയാണ് കളക്ടറുടെ റിപ്പോർട്ട്.
ഫെബ്രുവരി 10നാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് അന്നേദിവസം ഓഫീസില്‍ എത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്‍കാതെയാണ് അവധിയെടുത്തതെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും തഹസില്‍ദാറും തമ്മിലുണ്ടായ വാക്‌പോരും വിഷയം കൂടുതല്‍ വിവാദമാക്കി.