പ്രതീകാത്മത ചിത്രം
പ്രതീകാത്മത ചിത്രം

റോഡിലെ കുഴിയെണ്ണാന്‍ എസ് എച്ച് ഒ മാർക്ക് നിർദേശം; ജില്ലാ പോലീസ് മേധാവിയുടെ സർക്കുലര്‍ പുറത്ത്

കുഴികൾ സംബന്ധിച്ച റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറാനാണ് നിർദ്ദേശം
Updated on
1 min read

പത്തനംതിട്ടയിലെ റോഡുകളിലെ കുഴിയെണ്ണാന്‍ പോലീസിന് എസ് എച്ച് ഒ മാർക്ക് നിര്‍ദ്ദേശം. ജില്ലാ പോലീസ് മേധാവിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. സ്റ്റേഷന്‍ പരിധിയിലുള്ള റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടെങ്കില്‍ അവയെ കുറിച്ചുള്ള വിവരങ്ങള്‍ എസ് എച്ച് ഒമാര്‍ പ്രത്യേക ക്രമത്തിൽ തയ്യാറാക്കി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസമാണ് ജില്ലാ പോലീസ് മോധാവി ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജില്ലയില്‍ റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പോലീസ് തലത്തില്‍ ഇത്തരത്തിലെരു സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറണമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്.

പത്തനംത്തിട്ട ജില്ലാ പോലീസ് മേധാവിയുടെ സർക്കുലർ
പത്തനംത്തിട്ട ജില്ലാ പോലീസ് മേധാവിയുടെ സർക്കുലർ

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് മേധാവി കുഴിയെണ്ണന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. അതേ സമയം സര്‍ക്കുലറിനെതിരെ പോലീസിലെ ഒരു വിഭാഗത്തിനിടയില്‍ അമര്‍ഷം ശക്തമാണ്. കോവിഡ് കാലത്ത് അടക്കം അധിക ചുമതല വഹിച്ച പോലീസിന് പാതുമരാമത്ത് വകുപ്പ് ചെയ്യേണ്ട ഉത്തരവാധിത്വം കൂടി എല്‍പ്പിക്കുന്നത് ശരിയല്ലെന്നതാണ് ഇവരുടെ നിലപാട്. വരും ദിസങ്ങളില്‍ സമാനമായ സർക്കുലർ മറ്റ് പോലീസ് ജില്ലകളിലും വരുമോ എന്ന കാര്യത്തിലും സേനയ്ക്കിയിൽ ആശങ്കയുണ്ട്.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്ക റോഡുകളും തകർന്ന അവസ്ഥയിലാണ്. റോഡുകളിലെ കുഴികള്‍ അടയ്ക്കണമെന്ന് ഹെെക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു. റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി എടുക്കുമെന്ന്മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

logo
The Fourth
www.thefourthnews.in