പാലക്കാട് സിപിഐയിൽ വിഭാഗീയത;  പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ജില്ലാ കൗൺസിലിൽനിന്ന് രാജിവച്ചു

പാലക്കാട് സിപിഐയിൽ വിഭാഗീയത; പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ജില്ലാ കൗൺസിലിൽനിന്ന് രാജിവച്ചു

സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നൽകി
Updated on
1 min read

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചു. സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നൽകി. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെയും ജില്ലാ നേതൃത്വത്തിന്റെയും ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി.

കഴിഞ്ഞ സമ്മേളന കാലത്ത് വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരം താഴ്ത്തിയിരുന്നു. ഇതിന് പുറമെ കൂടുതൽപേർക്കെതിരെ നടപടിയെടുത്തതാണ് പാർട്ടിയിൽ പ്രതിഷേധം ഉയരുന്നതിന് കാരണമായത്. മുഹസിന് പുറമെ കൂടുതൽ പേരും രാജിവച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ന് പാലക്കാട് ചേരുന്ന ജില്ലാ എക്സിക്യുട്ടീവ് മുഹ്സിന്റെ രാജിക്കത്ത് ചർച്ച ചെയ്യും. 

പാലക്കാട് സിപിഐ നേതാക്കളുടെ രാജിയും കാരണവും

സമ്മേളന കാലത്ത് കാനം - കെ ഇ ഇസ്മയിൽ വിഭാഗങ്ങൾ തമ്മിലുള്ള മത്സരവും വിഭാഗീയതയുമാണ് മുഹമ്മദ്  മുഹസിൻ ഉൾപ്പടെയുള്ളവരുടെ പാർട്ടിക്കുള്ളിലെ രാജിയിലേക്ക് നയിച്ചത്. കെ പി സുരേഷ് രാജിനെ  നാലാമതും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് സിപിഐയുടെ പാലക്കാട്ടെ നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമായത്. സമ്മേളനത്തിൽ  സുരേഷ് രാജിനെതിരെ ഇസ്മയിൽ പക്ഷമായ മണികണ്ഠൻ പാലോട് മത്സരിച്ചെങ്കിലും കാനം പക്ഷത്തിന് മേൽക്കൈയുള്ള ജില്ലാ കൗൺസിലിൽ സുരേഷ് രാജിന് തന്നെയായിരുന്നു വിജയം. 50 അംഗ ജില്ലാ കൗൺസിലിൽ 45 അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നു.  ഔദ്യോഗിക വിഭാഗം അവതരിപ്പിച്ച പാനലിനെതിരെ 15 പേരാണ് മത്സരിച്ചത്. ഇതിൽ നാലുപേർ ജയിച്ചു. 

തുടർച്ചയായി മൂന്നുതവണ സെക്രട്ടറിയായവരെ മാറ്റി നിർത്തണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സുരേഷ് രാജ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. അതുകൊണ്ട് മൂന്നാം ടേം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക വിഭാഗം സുരേഷ് രാജിനെ വീണ്ടും സെക്രട്ടറിയാക്കിയത്. എന്നാൽ സുരേഷ് രാജിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മുഹമ്മദ് മുഹസിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്ത് വരികയായിരുന്നു. 

ജില്ലാസമ്മേളനത്തിൽ വിഭാഗീയതയുണ്ടായെന്നു കണ്ടെത്തിയത് ജില്ലാനേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷനാണ്. മുൻ ജില്ലാസെക്രട്ടറി ടി സിദ്ധാർഥൻ കൺവീനറായ കമ്മറ്റിയാണ് അന്വേഷണം നടത്തിയത്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാനേതൃത്വം 22 പേർക്കാണ് നോട്ടീസ് നൽകിയത്. മുഹമ്മദ് മുഹ്സിൻ ഉൾപ്പടെയുള്ളവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് നൽകി. തുടർന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി. പട്ടാമ്പി, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, ആലത്തൂർ  മണ്ഡലം കമ്മറ്റികളിൽ വലിയ പ്രതിഷേധമാണുയർന്നത്. 

മുഹ്സിൻ  പട്ടാമ്പിയിലെ സിപിഎം നേതൃത്വം പറയുന്നതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. ആരോപണ - പ്രത്യാരോപണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. 

logo
The Fourth
www.thefourthnews.in