പഴയിടം ഇനി കലോത്സവത്തിന്റെ കലവറയിലേക്കില്ല

പഴയിടം ഇനി കലോത്സവത്തിന്റെ കലവറയിലേക്കില്ല

കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലത്ത് വ്യക്തിയെയും സാമൂഹിക അന്തരീക്ഷത്തെയും മലീമസമാക്കുന്ന അധിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യം തനിക്കില്ലെന്ന് പഴയിടം
Updated on
1 min read

16 വര്‍ഷമായി സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ ഭക്ഷണം വിളമ്പിയ പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിന്റെ കലവറയിലേക്കില്ല. സ്വമേധയാ പിന്മാറുകയാണെന്ന് പഴയിടം അറിയിച്ചു. കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്ന കാലമാണിത്. ഇത്രയും അധികം കുട്ടികള്‍ വന്നുപോകുന്ന അടുക്കള നിയന്ത്രിക്കാന്‍ ഭയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താനെന്ന വ്യക്തിയെയും, സാമൂഹിക അന്തരീക്ഷത്തെയും മലീമസമാക്കുന്ന അധിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യം തനിക്കില്ലെന്ന് പഴയിടം പറഞ്ഞു. പുതിയ കാലത്തിന്റെ അടുക്കളയില്‍ തനിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തൃശൂരിൽ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേളയുടെ പാചക ചുമതലയിൽ നിന്ന് പഴയിടം ഒഴിഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കുട്ടികളുടെ ഭക്ഷണ സങ്കല്‍പ്പത്തില്‍ വന്ന മാറ്റങ്ങളും, കാലത്തിന്റേതായ മാറ്റങ്ങളുമെല്ലാം ജനങ്ങളുടെ ചിന്താഗതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഭക്ഷണ സങ്കല്‍പ്പത്തിലും വന്നുകഴിഞ്ഞു. നോണ്‍വെജ് ഉണ്ടായാലും ഇല്ലെങ്കിലും പിന്മാറുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക മേളയ്ക്ക് മാത്രമാണ് നോണ്‍വെജ് ഭക്ഷണം കൊടുത്തിട്ടുള്ളത്. ഇനിയതും ചെയ്യാന്‍ തയാറല്ല

പഴയിടം മോഹനൻ നമ്പൂതിരി

'മനസിന്റെ സമാധാനമാണ് പാചക അന്തരീക്ഷത്തില്‍ ഏറ്റവും വലിയ ഘടകം. ഇത്രയും വലിയ അടുക്കള നിയന്ത്രിക്കണമെങ്കില്‍ അത് അത്യന്താപേക്ഷിതമാണ്. അതില്ലാതെ പരാജയം ഏറ്റുവാങ്ങാന്‍ തയ്യാറല്ല. നോണ്‍വെജ് അടക്കമുളള ഭക്ഷണങ്ങള്‍ വരുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്നും, അതൊക്കെ മുന്‍കൂട്ടി കണ്ടാണ് പിന്മാറ്റം. രണ്ടു കോടിയോളം കുട്ടികള്‍ക്ക് ഇതുവരെ ഭക്ഷണം കൊടുക്കാന്‍ സാധിച്ചിട്ടിട്ടുണ്ട് അത് വലിയ സന്തോഷമായി കാണുന്നു'പഴയിടം പറഞ്ഞു.

പഴയിടം എന്നത് തികച്ചും ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡാണ്. നോണ്‍വെജിന്റെ മറ്റെരു കരാറുകളും താന്‍ ഏറ്റെടുക്കാറില്ല. കായിക മേളയ്ക്ക് മാത്രമാണ് നോണ്‍വെജ് ഭക്ഷണം കൊടുത്തിട്ടുളളത്. കായിക മോളയ്ക്ക് മറ്റ് ആള്‍ക്കാരെ ഉപയോഗിച്ച് നോണ്‍വെജ് ഭക്ഷണം തയാറാക്കികൊടുത്തിട്ടുണ്ട്. ഇനിയതും ചെയ്യാന്‍ തയാറല്ല. കലോത്സവങ്ങള്‍ ഇനി ആര്‍ക്കും ഏറ്റെടുത്ത് ചെയ്യാവുന്ന രീതിയില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദത്തിന്‍റെ പേരില്‍ കലോത്സവത്തില്‍ നിന്ന് പഴയിടം പിന്മാറേണ്ട കാര്യമില്ല

വി ശിവന്‍കുട്ടി, വിദ്യാഭ്യാസ മന്ത്രി

അതേ സമയം വിവാദത്തിന്‍റെ പേരില്‍ കലോത്സവത്തില്‍ നിന്ന് പഴയിടം പിന്മാറേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൃത്യമായി ടെന്‍ഡര്‍ വിളിച്ച് എല്ലാ ക്രമീകരണങ്ങളും നടത്തിയാണ് പാചകത്തിന്റെ ചുമതല പഴയിടത്തിനെ ഏല്‍പ്പിക്കാറുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in