ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം
കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് രണ്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്‍ സര്‍ക്കാരിനോട് നിലപാട് തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ ആറിന് മുമ്പ് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയിലാലാണ് കോടതിയുടെ ഇടപെടല്‍.
ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സർക്കാരിന് ശുപാർശ നൽകിയിരുന്നു. വിരമിക്കല്‍ പ്രായം 56 വയസ്സിൽ നിന്ന് 58 ആയി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കെയാണ് കോടതി നിലപാട് തേടിയത്.
പെന്‍ഷന്‍പ്രായം ഉയര്‍ത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് ജസ്റ്റിസും സെപ്റ്റംബര്‍ 26ന് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ജഡ്ജിമാര്‍ അടങ്ങുന്ന വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ച് യോഗത്തിലുണ്ടായ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു. കേരള ഹൈക്കോടതിയിലെ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി ചീഫ് ജസ്റ്റിസിന് നല്‍കിയത്. കോടതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇത് ഉപകരക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.