പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; ബാലറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന പരിശോധന ഇന്ന് ഹൈക്കോടതിയിൽ
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസിൽ സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന പരിശോധന ഇന്ന് ഹൈക്കോടതിയിൽ നടക്കും. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്പെഷ്യൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ഷൻ സാമഗ്രികളാണ് പരിശോധിക്കുക. കേസിൽ കക്ഷികളായ സ്ഥാനാർഥികൾക്കും അവരുടെ അഭിഭാഷകർക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനും ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ പരിശോധന നടത്താനാണ് അനുമതി. ജസ്റ്റിസ് എ ബദറുദ്ധീന്റെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് പരിശോധന.
മുസ്ലീം ലീഗിലെ നജീബ് കാന്തപുരം എംഎൽഎയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയും ഇടത് സ്വതന്ത്രനുമായ കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാലറ്റ് പേപ്പറിലും മറ്റ് തിരഞ്ഞെടുപ്പ് രേഖകളിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അനുവദിക്കണമെന്ന കക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് ഇതിന് കോടതി അനുമതി നൽകിയത്. 348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കെപിഎം മുസ്തഫയുടെ ഹർജി.
38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൊതു തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നേരത്തെ സിംഗിൾ ബെഞ്ച് അധികൃതരോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ സബ് കളക്ടർ റിപ്പോർട്ട് നൽകി. ശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കേസ് പരിഗണനയിലിരിക്കെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് നജീബ് കാന്തപുരവും ഹർജി നൽകി.