'പ്രിയമുള്ള കൊച്ചിക്കാരേ...പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ അർഥമില്ല, ഇവിടം വിട്ട് പോവുക': പി എഫ് മാത്യൂസ്

'പ്രിയമുള്ള കൊച്ചിക്കാരേ...പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ അർഥമില്ല, ഇവിടം വിട്ട് പോവുക': പി എഫ് മാത്യൂസ്

സിപിഎമ്മിന്റെ സ്വന്തക്കാരും കോൺസുകാരുടെ സ്വന്തക്കാരും ബ്രഹ്മപുരത്തെ ദുരവസ്ഥയ്ക്ക് പിന്നിലുണ്ടെന്നതില്‍ അതിശയമില്ലെന്നും എഴുത്തുകാരൻ
Updated on
2 min read

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നഗരം മുഴുവൻ വിഷപ്പുക മൂടിയിരിക്കുന്ന സാഹചര്യത്തില്‍ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് എഴുത്തുകാരൻ പി എഫ് മാത്യൂസ്. നഗരം വിട്ടു പോവുക എന്നതല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നാണ് കൊച്ചിക്കാരെ അഭിസംബോധന ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പി എഫ് മാത്യൂസ് പറയുന്നത്. വിഷയത്തില്‍ സർക്കാർ കാണിക്കുന്ന അനാസ്ഥയും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സിപിഎമ്മിന്റെ സ്വന്തക്കാരും കോൺഗ്രസുകാരുടെ സ്വന്തക്കാരും ഇതിനു പിന്നിലുണ്ടെന്നതില്‍ അതിശയമില്ലെന്നും പോസ്റ്റില്‍ പറയുന്നു.

'പ്രിയമുള്ള കൊച്ചിക്കാരേ...പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ അർഥമില്ല, ഇവിടം വിട്ട് പോവുക': പി എഫ് മാത്യൂസ്
ബ്രഹ്മപുരം തീപിടിത്തം വൈകീട്ടോടെ നിയന്ത്രണവിധേയമാകും, ആശങ്ക വേണ്ടെന്ന് മന്ത്രിമാർ

ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഇത്രയും ഗുരുതരമായ സാഹചര്യത്തിലും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്ന വിമർശനവും പി എഫ് മാത്യൂസ് ഉയർത്തുന്നു. ഉത്തരവാദിത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ യഥാർഥത്തിൽ ജനങ്ങളെ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർഥമായി പറഞ്ഞിട്ടില്ല. ജനതയോട് സ്നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ച് നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടിൽ നിന്ന് യുവാക്കള്‍ ഓടി രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ഇടതിനേയും വലതിനേയും കുറ്റം പറഞ്ഞ് കസേര നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റ് പാർട്ടി ഇന്ത്യൻ ജനതയെ കയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ നന്നായി മനസ്സിലാകുന്നുണ്ടെന്നും ബിജെപിയെ പരാമർശിച്ചു കൊണ്ട് പോസ്റ്റില്‍ പറയുന്നു. ഇത്രയും എഴുതുന്നതിന് സൈബർ ഗുണ്ടകൾ ചാവേറായി എത്തുമെന്നറിയാമെന്നും എന്നാല്‍ തന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നേപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സി പി എമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി ഞങ്ങൾ ഇതനുഭവിക്കുന്നു. പക്ഷെ ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങൾ. ഉത്തരവാദിത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഞങ്ങളെ യഥാർത്ഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർത്ഥമായി പറഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തിൽ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് കൊച്ചിക്ക് ഇപ്പോൾ വേണ്ടത് മികച്ച ഒരു മാലിന്യ സംസ്ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങൾക്ക് ചേരാത്ത വാചകമായതിനാൽ അവരത് ഉപേക്ഷിച്ചു.

ഇന്നലെ വിദേശത്ത് നിന്ന് വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാൾജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോൾ ഇനി കേരളത്തിലേക്ക് തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികൾക്കു മുമ്പേ യുവാക്കൾ ഇവിടെ നിന്നു പറന്നകലാൻ തുടങ്ങിയിരുന്നു. അവർക്ക് എന്ത് പ്രതീക്ഷയാണ് നമ്മൾ കൊടുത്തത്. ജനതയോട് സ്നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടിൽ നിന്നവർ ഓടി രക്ഷപ്പെടുകയാണ്. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞു കൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റു പാർട്ടി ഇന്ത്യൻ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ല.
പ്രിയമുള്ള കൊച്ചിക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്.

logo
The Fourth
www.thefourthnews.in