പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിലാണ് കോടതി വിമര്‍ശനം
Updated on
1 min read

പോപുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ കോടതി അതൃപ്തി രേഖപെടുത്തി. സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിലാണ് കോടതി വിമര്‍ശനം.

കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ല.

കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ല. പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലന്നും സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും ഹര്‍ത്താല്‍ അക്രമങ്ങളില്‍ 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

റവന്യൂ റിക്കവറി നടപടി ആരംഭിക്കാന്‍ റവന്യു വകുപ്പിന് നിര്‍ദേശം

കോടതി നിര്‍ദേശ പ്രകാരം റവന്യു റിക്കവറി നടപടി ആരംഭിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. സ്വത്തുക്കള്‍ തിട്ടപ്പെടുത്താനായി റജിസ്‌ട്രേഷന്‍ ഐജിയുമായി ചേര്‍ന്ന് നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര അപേക്ഷകള്‍ പരിഗണിക്കുന്നത് ക്ലെയിംസ് കമീഷണറായി ചുമതലപ്പെടുത്തിയ പി. ഡി ശാരങ്ധരന്‍ ആയിരിക്കുമെന്നും ആഭ്യന്തര അഡീ. സെക്രട്ടറി ഡി. സരിത സമര്‍പ്പിച്ച വിശദീകരണത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങളുടെ ജില്ല തിരിച്ച പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തിലുണ്ടായ 254 അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ട് വരെ 342 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. 2905 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന പൊലീസുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ സെപ്റ്റംബര് 28ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മിന്നല്‍ ഹര്‍ത്താല്‍ അനുബന്ധ അക്രമ സംഭവങ്ങളിലും ജനറല്‍ സെക്രട്ടറിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. മുന്‍ ജനറല്‍ സെക്രട്ടറിയേയും മറ്റ് സംസ്ഥാന ജില്ല നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര നിരോധനത്തിന്റെയും യുഎപിഎ കേസുകളുടെയും പശ്ചാത്തലത്തില്‍ വ്യാപകമായ റെയ്ഡ് നടത്തുകയും ഓഫിസുകള്‍ മുദ്രവെക്കുകയും ചെയ്തുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in