വനിതാ ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്തില്ല;  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍മാർ സമരത്തിൽ

വനിതാ ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്തില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍മാർ സമരത്തിൽ

ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഐഎംഎ
Updated on
1 min read

വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍മാർ. രാവിലെ എട്ടു മണിക്ക് ആരംഭിച്ച സമരം രാത്രി എട്ടുമണിവരെ നീണ്ടു നിൽക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. എന്നാൽ അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല.

അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാ‍ർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി.

ബുധനാഴ്ച പുല‍ച്ചെയാണ് ന്യൂറോ സർജറി വിഭാ​ഗത്തിലെ വനിതാ പി ജി ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് കൊല്ലം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് രോഗി ഐസിയുവിലായിരുന്നു. അവരുടെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും രാത്രി 1.30 ഓടെ രോഗി മരിച്ചിരുന്നു. തുടർന്ന് മരണ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ബന്ധുക്കളെ അറിയിക്കുന്നതിനിടെയായിരുന്നു ആക്രമണം .രോ​ഗിയുടെ ഭർത്താവ് ഡോക്ടറിനെ തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടർ ചികിൽസയിലാണ്.

സംഭവം നടന്നതിന് പിന്നാലെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. തുടർന്ന് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.പ്രതിയായ കൊല്ലം സ്വദേശി സെന്തിൽകുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ‍ഡോക്ട‍‍ർമാരുടെ പ്രതിഷേധം. അതേസമയം, സംഭവം ഗൗരവമുള്ളതാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്ത മാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുമെന്നും പൊതു സമൂഹത്തിന്റെ പിന്തുണയും സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

logo
The Fourth
www.thefourthnews.in