ചിത്തിര കുസുമന്‍
ചിത്തിര കുസുമന്‍

'പരാതി പറയുന്നവരെ സദാചാരം പഠിപ്പിക്കാനാണോ പോലീസ്?'; സൈബര്‍ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ചിത്തിര കുസുമന്‍

''സ്ത്രീശാക്തീകരണം എന്ന് പറഞ്ഞിട്ട്, സമൂഹമാധ്യമ ഇടങ്ങൾ പോലും ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് സദാചാര ഉപദേശം തരുകയാണോ വേണ്ടത്?''
Updated on
1 min read

"എന്റെ ഫോട്ടോസ് അഡൾട്ട് സൈറ്റിൽ ഉണ്ടെന്ന് പരാതി പറയാൻ ചെന്നപ്പോൾ ഞാനെന്താ എഫ് ബി പ്രൊഫൈൽ ലോക്ക് ചെയ്യാത്തത് എന്നാണ് സൈബർ പോലീസ് ചോദിച്ചത്? പ്രൊഫൈൽ ലോക്ക് ചെയ്തിട്ട് സ്റ്റേഷനിൽ നിന്ന് പോയാൽ മതി എന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിർദ്ദേശം. എന്നിട്ടോ, പരാതിയായി ഞാൻ അയച്ച മെയിൽ പോലും അവർ കണ്ടിട്ടില്ല. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമാണ് അവർ ഇന്നലെ എന്നെ വിളിക്കുന്നത്. പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം പരാതി പറയുന്നവരെ സദാചാരം പഠിപ്പിക്കാനാണോ പോലീസ്?" കവിയും സാമൂഹ്യ പ്രവർത്തകയുമായ ചിത്തിര കുസുമന്‍ ചോദിക്കുന്നു.

ഫേസ്ബുക്കിലുള്ള തന്റെ ഫോട്ടോകൾ അഡൾട്ട് സൈറ്റിലുണ്ടെന്ന് ഒരു സുഹൃത്ത് വഴിയാണ് ചിത്തിര അറിയുന്നത്. "എന്റെ പത്ത് ഫോട്ടോകൾ അതിൽ കണ്ടു. 420പേജുകളുള്ള സൈറ്റിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകൾ അതുപോലെ കണ്ടു."

തുടർന്ന് ചിത്തിര കൊച്ചി ടെക്നോപാർക്കിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ പരാതി ഗൗരവത്തോടെ എടുക്കാനോ അക്കാര്യം അന്വേഷിക്കാനോ പോലീസ് തയ്യാറായില്ലെന്ന് അവര്‍ പറയുന്നു.

"അഡൾട്ട് സൈറ്റിൽ ഫോട്ടോ വന്നു എന്നറിഞ്ഞാലും പ്രശ്നമില്ലാത്ത ഒരു ഫാമിലിയിലാണ് ഞാൻ. എന്നാൽ അതിലുൾപ്പെട്ട മറ്റ് സ്ത്രീകളുടെ അവസ്ഥ അങ്ങനെയാവണമെന്നില്ല. അതുകൂടി ആലോചിച്ചിട്ടാണ് പരാതി നൽകാൻ പോയത്. അപ്പോഴാണ് പ്രൊഫൈൽ ലോക്ക് ചെയ്തില്ലെങ്കിൽ ഇങ്ങനെ ഫോട്ടോ പോവും എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. പരാതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഫോട്ടോ പോയത് പോയില്ലേ, ഇനി പരാതി കൊടുത്തിട്ടെന്തിനാണ് എന്നാണ് ചോദിച്ചത്''. ഓൺലൈൻ പണം തട്ടിപ്പ് കേസ് പോലും അന്വേഷിക്കാൻ പറ്റുന്നില്ല, അപ്പോഴാണ് ഈ കേസ് എന്നായിരുന്നു പോലീസുകാരുടെ പ്രതികരണമെന്നും ചിത്തിര പറയുന്നു.

''ഒടുവിൽ പരാതി മെയില്‍ അയയ്ക്കാന്‍ പറഞ്ഞു. നവംബർ 30 ന് പരാതി മെയിൽ ചെയ്തു. എന്നാല്‍, പരാതി ലഭിച്ചു എന്ന് പോലും മറുപടി തന്നില്ല. ഡിസംബർ എട്ടിന് വീണ്ടും ആദ്യ മെയിലിന് റിപ്ലൈ ആയി വീണ്ടും മെയിൽ അയച്ചു. അതിനും മറുപടി ലഭിച്ചില്ല. അവസാനമാണ് ഫേസ്ബുക്കിൽ ഞാൻ കുറിപ്പിട്ടത്. അത് ചർച്ചയായപ്പോൾ സ്റ്റേഷനിൽ നിന്ന് വിളിച്ചു. നടപടി സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാൽ ഞാനിതിലുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നില്ല. കാരണം എന്റെ ഫോട്ടോ മാത്രമല്ല എന്നെപ്പോലെ അതിൽ പെട്ടുപോയ മറ്റ് സ്ത്രീകളുടേയും ഫോട്ടോ റിമൂവ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവരുടെ കാര്യം അവര് നോക്കിക്കോളും എന്നാണ് പോലീസിൽ നിന്ന് കിട്ടിയ മറുപടി.'' -ചിത്തിര പറയുന്നു.

എത്ര സ്ത്രീകൾക്ക് ഇതുമൂലം എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്നാണ് ചിത്തിര ചോദിക്കുന്നത്. സ്ത്രീശാക്തീകരണം എന്ന് പറഞ്ഞിട്ട് സമൂഹ മാധ്യമ ഇടങ്ങൾ പോലും ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് സദാചാര ഉപദേശം തരുകയാണോ വേണ്ടത്? "

അഡൾട്ട് സൈറ്റിൽ നിന്ന് ഫോട്ടോകള്‍ നീക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചില്ലെങ്കിൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചിത്തിര കുസുമന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in