'അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം', വിശദമായ മറുപടി പിന്നീടെന്ന് പിണറായി
പി വി അന്‍വർ എംഎൽഎ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തപ്പെടുത്താനുള്ള ശ്രമമാണ് അന്‍വര്‍ നടത്തുന്നത്. അന്‍വര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്താണ് അതിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്‍വറിന്റെ പരാതികള്‍ കേരളത്തില്‍ അന്വേഷിക്കാവുന്നതില്‍ നല്ലരീതിയില്‍ അന്വേഷിക്കുന്നുണ്ട്. അതിലും തൃപ്തനല്ലെന്ന് അന്‍വര്‍ പറയുന്നു. നേരത്തേ, സംശയിച്ചതുപോലെ കാര്യങ്ങളെത്തി. പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരായ കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞതെന്നും പിണറായി.
അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എല്‍ഡിഎഫില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അന്‍വര്‍ സ്വയം പ്രഖ്യാപനം തന്നെ നടത്തി. പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരുമെതിരായ ആരോപണങ്ങള്‍ തള്ളുകയാണെന്നും ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി.
ഇതുകൊണ്ടൊന്നും നേരത്തേ നിശ്ചയിച്ച അന്വേഷണസംവിധാനത്തെ ബാധിക്കില്ല. നിഷ്പക്ഷമായി അന്വേഷണം തുടരുകയാണെന്നും അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുമെന്നും പിണറായി ഡല്‍ഹിയില്‍ മാധ്യങ്ങളോട് പറഞ്ഞു.